Apr 30, 2012

കേമത്തം

"സുഹൃത്തേ... നിന്റെ കാഴ്ചപ്പാടില്‍ നീ കേമനാണ്... പക്ഷെ... മറ്റുള്ളവര്‍ ..അത് അംഗീകരിക്കാത്തത്... അവരുടെ കാഴ്ചപ്പാടിലെ കുഴപ്പം കൊണ്ടാണ്..."


..................സക്രു........

Apr 29, 2012

ഞാനാണ് ശരി...!..?

"...ഞാനെന്റെ കൈ പൊക്കുന്നത്... ഒരിക്കലും എന്നെ തല്ലാനാവില്ല...
ഞാനെന്റെ വിരല്‍ ചൂണ്ടുന്നത്... ഒരിക്കലും എനിക്ക് നേരെയായാവില്ല...

കാരണം... ഞാനാണ് ശരി... ഈ ലോകത്ത് ഞാന്‍ മാത്രമാണ് ശരി..."

..................സക്രു.........

Apr 28, 2012

ഭാഗ്യം

"...ഭാഗ്യമുള്ള കുറ്റവാളിക്കേ പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം ലഭിക്കുകയൊള്ളൂ..."


........സക്രു......

Apr 27, 2012

കൊയ്ത്തുകാലം

കനല്‍പാടത്തിത് 
വിളവെടുപ്പിന്റെ കാലം...
കണ്ണീര്‍ മഴക്കും മുമ്പേ-
യുള്ള കൊയ്ത്തുകാലം...

കല്‍ത്തറ കെട്ടി കറ്റ 
മെതിച്ചൊരു മുറപ്പായി
കൊണ്ട് കാറ്റ് വിതച്ചു നെല്ല്
കുമിഞ്ഞു കൂട്ടുമൊരു കാലം...

കലത്തില്‍ നിറച്ചു വെച്ച
വെള്ളത്തില്‍ കയ്യിട്ടിളക്കി
മുകളിലൂറും പതിര് മാറ്റി
നെല്ല് പുഴുങ്ങുമൊരു കാലം...

Apr 26, 2012

തീമഴ.!!!

വെള്ളരിപ്രാവിന്‍ 
ദ്രംഷ്ട നീണ്ടു വന്നു...
ഇറ്റിറ്റു വീഴുന്ന നിണം 
പറ്റിപ്പിടിച്ചു വെണ്മ
ചെഞ്ചായമണിഞ്ഞു...

കഴുകന്റെ കണ്ണില്‍
ദയനീയതയുടെ 
നിഴലാട്ടം കണ്ട്
വിറളിപൂണ്ട വാനത്തില്‍
കാര്‍മേഘം ഇരുണ്ടു...

മഴക്കായി കൊതിച്ച
വേഴാമ്പലിനെ വരവേറ്റത്
മീനത്തിലെ ചൂടും
ഇടവത്തിലെ പേമാരിയും
ഒരുമിച്ചായിരുന്നു...

അതെ... തീമഴ പെയ്തു...
തീണ്ടായ്കയുടെ തീമഴ...!!!

Apr 25, 2012

പൊള്ളുന്ന നേര്..!!!

പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീണപ്പോള്‍
യാഥാര്‍ത്ഥ്യം പരിപൂര്‍ണ്ണ വിവസ്ത്രയായി...

നഗ്നമാം നേരിന്റെ നിഷ്കളങ്കതയെ-
യാരൊക്കെയോ ചേര്‍ന്ന് പീഡിപ്പിച്ചു...
ചാരിത്ര്യം നഷ്ടപ്പെട്ട സത്യം ഇരുട്ടിന്റെ 
മറവിലെവിടെയോയിരുന്നു തേങ്ങിക്കരയുന്നു... 

Apr 24, 2012

ഓര്‍മ്മ

"...ഏതൊന്നിനെ കുറിച്ച് നിങ്ങള്‍ ഓര്‍ക്കരുതെന്നു കരുതുന്നുവോ ആ
നിമിഷത്തിലും നിങ്ങള്‍ ഓര്‍ക്കുന്നത് അതിനെ കുറിച്ച് തന്നെയാണ്..."

................സക്രു..........

Apr 23, 2012

പൊയ്മുഖം...

കഴുകന്റെ മാറാണ്
നിന്നെ മുലയൂട്ടിയത്
കാപട്യത്തിന്റെ മുറ്റത്താണ്
നീ പിച്ചവെച്ചത്... 
ചപലതയുടെ തൊട്ടിലിലാണ്
നീ ഊഞ്ഞാല്‍ ആടിയത്...

Apr 22, 2012

നീയും നിന്റെ നിഴലും...

കിഴക്ക് നിന്നും പടിഞ്ഞാറിനെ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ , അല്ലെങ്കില്‍ ഒഴുക്കിനനുസൃതമായി നീ നീന്തിത്തുടിക്കുമ്പോള്‍ ... നിനക്ക് പിറകില്‍ നിന്നും സൂര്യന്‍ നിന്റെ മുമ്പിലെക്കൊരു നിഴലിനെ നല്‍കും... വഴികാട്ടിയാകുന്ന ആ നിഴലിനു പിറകെ നിന്റെ കന്തികമായ സഞ്ചാരത്തില്‍ നിങ്ങള്‍ക്കിടയിലെ ദൂരം കുറഞ്ഞു വരുമ്പോള്‍ വെയിലിനു ശക്തി കൂടും... അത് ഉച്ചാസ്ഥിയില്‍ എത്തി നില്‍ക്കുമ്പോള്‍ നിഴല്‍ നിന്നില്‍ ലയിച്ചു തീരും... വെയിലേറ്റു നീ തളര്‍ന്നും...

തളര്‍ച്ചയില്‍ നിന്നും എണീറ്റ്‌ നോക്കുമ്പോള്‍ കത്തിയെരിഞ്ഞ സൂര്യന്‍ നിനക്ക് മുമ്പിലും പിറകിലായി നിഴലും സ്ഥാനം പിടിക്കും... നിന്നെ പിന്തുടര്‍ന്ന്... നിനക്കൊരിക്കലും ഭാരമാവാതെ... നിന്റെ അനുവാദം കൂടാതെ... സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എത്തുമ്പോഴേക്കും നിന്റെ ഇരട്ടിയിലധികം ദൂരത്തില്‍ നിഴല്‍ മങ്ങി നില്‍ക്കും...ഇരുള്‍ വീണു തുടങ്ങിയാല്‍ ചന്ദ്രനുമോത്ത് നീ സന്ധ്യ പങ്കിടുമ്പോള്‍ സൂര്യനുമോത്ത് നിന്റെ നിഴല്‍ ഇഴുകിചേര്‍ന്നിട്ടുണ്ടാകും... പരസ്പരം അറിയാതെയും കാണാതെയും... ഇരുട്ടിനു പിറകില്‍ നിശബ്ദതയുടെ തടവറയില്‍ ഒരു തേങ്ങലായി...

Apr 21, 2012

കണ്ണീരിൻ രുചി

"...കണ്ണീരിൻ രുചിയെപ്പോഴും ഉപ്പുരസമായിരിക്കും...ഒരുപക്ഷേ... കരയുന്നത്‌ ആനന്ദത്തോടെയാണെങ്കിൽ പോലും..."

...........സക്രു........

Apr 20, 2012

ഇടനാഴി...!!!

അവകാശത്തര്‍ക്കം അന്നൊക്കെ
അതിരില്‍ അയല്‍വസിയോടായിരുന്നു... 
ഇന്നോ...
അടുക്കളയിലെ ചക്കൊളത്തി പോരില്‍
വരെ എത്തി നില്‍ക്കുന്നു... 
നാളെ...
മട്ടുംപുറത്ത് അരമനയില്‍ ഇരുന്നു കേള്‍ക്കാം... 
ബലിക്കാക്ക പറന്നകലുന്ന ശബ്ദം..

Apr 19, 2012

മുഖചിത്രം

"...ചലിക്കാത്ത മുഖചിത്രങ്ങള്‍ ഇവിടെ ചാലകങ്ങള്‍ ആകുന്നു...
ചലിക്കുന്ന ഹൃദയത്തോളം എത്താനുള്ളൊരു വഴികാട്ടിയായി..."
...................സക്രു..........

Apr 17, 2012

"...അപരന് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാല് വിരലുകള്‍ മറക്കുവാന്‍ ശ്രമിക്കുന്നത് സ്വന്തം ഉള്ളം കയ്യിലെ തെറ്റിനെയാണ്...."

....................സക്രു..............

Apr 14, 2012

തര്‍ക്കം

"...ഉന്നതങ്ങളില്‍ അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി ചരട് വലികള്‍ നടക്കുമ്പോഴും...  തെരുവോരങ്ങളില്‍ അതിജീവനത്തിന്റെ റൊട്ടിക്കഷ്ണത്തിനായി പിടിവലികള്‍ നടക്കുകയാണ്..."

.....നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും.......
..........സക്രു........

Apr 11, 2012

വിജയം = പരിശ്രമം

"...വിജയത്തിന്റെ കുഞ്ഞു പിറക്കുന്ന ആനന്ദ ദിവസത്തിനും മുമ്പേ...
പരിശ്രമത്തിന്റെ ഗര്‍ഭകാലത്തിന്‍ കയ്പുനീര്‍ അനുഭവിച്ചേ തീരൂ.."

..........................സക്രു.............

Apr 10, 2012

ചിന്തയുടെ അവസരം

"...ഉണര്‍ന്നിരിക്കുന്നവന് ഉറക്കത്തെ കുറിച്ച് ചിന്തിക്കാം.; പക്ഷെ...
ഉറങ്ങിക്കിടക്കുന്നവന് ഉണര്‍വ്വിനെക്കുറിച്ച് ചിന്തിക്കുവാനാവില്ല..."

.........................................സക്രു.........

Apr 5, 2012

ഫെബ്രുവരിയോട് എന്തിനീ അവഗണന...? ഒരു അന്യായ വീതം വെപ്പ്.....!!!

ലോകം അംഗീകരിച്ചതും ബഹുഭൂരിപക്ഷം പേരും പിന്തുടരുന്നതുമായ ഗ്രിഗോറിയൻ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവർഷങ്ങളിൽ 29 ദിവസവും അല്ലാത്തെ വർഷങ്ങളിൽ 28 ദിവസവും മാത്രം നല്‍കി എന്തിനു ഫെബ്രുവരിയെ അവഗണിച്ചു...?

365.25 ദിവസമുള്ള വര്‍ഷത്തെ മാസങ്ങളായി വീതം വെച്ചപ്പോള്‍ മറ്റെല്ലാ മാസങ്ങള്‍ക്കും മുപ്പതോ മുപ്പത്തി ഒന്നോ ലഭിച്ചപ്പോള്‍ ഫെബ്രുവരിക്ക് മാത്രം 28 ഉം നാല് കൊല്ലം കൂടുമ്പോള്‍ ഔദാര്യം പോലെ കിട്ടുന്ന ഒരു ദിവസവും കൂട്ടി 29 ഉം നല്‍കി അവഹേളിക്കാന്‍ മാത്രം ഈ മാസം ചെയ്ത് അപരാധം എന്താണ്..? തറവാട്ടില്‍ പിറന്നതല്ലേ ...?
മാന്യമായ വിഹിതം ഈ മാസത്തിനു നിഷേധിച്ചത് ആര്..?
എന്തിന്റെ പേരില്‍ ...?
അതോ...
 മാസങ്ങള്‍ക്കിടയിലും പിന്നോക്ക ജാതിയുണ്ടോ... ?
സംശയങ്ങള്‍ ചോദ്യങ്ങളായി ഉയരുന്നു...
നിങ്ങള്‍ക്ക് എന്ത് തോന്നുന്നു..?

Apr 2, 2012

രൂപം

‎"...ഏതു കാലാവസ്ഥയിലും കോരിയെടുക്കുന്ന വെള്ളത്തിനത്
എടുക്കുവാനുപയോഗിക്കുന്ന പാത്രത്തിന്റെ രൂപമായിരിക്കും...


...............................സക്രു..........

അതിഥി

ഭൂമിയില്‍ ...
ക്ഷണികമാമീ ജീവിതത്തിനു
ക്ഷണം സ്വീകരിചെത്തിയ
അതിഥി ഞാന്‍ ...
വിളമ്പി വെച്ച സമൃദ്ധമാം 
വിഭവങ്ങള്‍ക്ക് മീതെ...
വിളവിറക്കിയ കര്‍ഷകന്റെ 
വിയര്‍പ്പിന്‍ ഗന്ധം വമിച്ചപ്പോള്‍ 
ഉള്ളിലൂറിയോരുപ്പുരസം
ഉമിനീരായിറക്കി
ഞാന്‍ തിരിച്ചു നടന്നു...

വിയര്‍ത്തവന്റെ 
വിശപ്പിനെയവഗണിച്ചു
വിരുന്നുകാരന് 
നല്‍കുന്നയാതിഥ്യമര്യാദയോടന്നു
തൊട്ടെനിക്ക്
പുച്ഛമാണ്...
ഇനിയുമോരതിഥിയുടെ 
വേഷം കെട്ടാനില്ല ഞാന്‍ ...

Apr 1, 2012

മടി = കണ്ടുപിടുത്തങ്ങള്‍

‎"...ഇന്നലെവരെയുള്ള കണ്ടുപിടുത്തങ്ങള്‍ ആണ്   
മനുഷ്യനിലിന്നു കാണുന്ന മടിയുടെ മുഖ്യകാരണം..."

.....................................സക്രു.......