Mar 18, 2012

അമാവാസി വിഴുങ്ങിയ സംശയം.

കാലം കുറച്ചായി കൂടെപ്പിറപ്പിനെ പോല കൂടെയുണ്ടായിരുന്ന സംശയങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരാളെ മാന്യമായി ഇറക്കിവിടാന്‍ കഴിഞ്ഞത് ഈയടുത്ത കാലത്താണ്... ഉള്ളതിത്തിരി മന്ദബുദ്ധിയാണെങ്കിലും അതിനുള്ളില്‍ നിന്നുമുയര്‍ന്ന ചോദ്യത്തിനു വിശ്വസനീയമായൊരു മറുപടി കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണീ കുറിപ്പ്.

മുറിച്ചു മാറ്റിയിട്ടും വേറിടാതെ നിന്നതും മരണത്തിലും കൂടെയുണ്ടാവുകയും ചെയ്യുന്നതുമായ പൊക്കിള്‍ കൊടിയില്‍ നിന്നുമാണ് ആദ്യ നോവറിയുന്നത്... നിറമാറു ചുരത്തിയ അമ്മിഞ്ഞയില്‍ നിന്നാണ് ആദ്യ രുചിയറിഞ്ഞത്... നാവൊന്നു നിവര്‍ന്നു നിന്നപ്പോള്‍ ആദ്യം വിളിച്ചതും..., അക്ഷരങ്ങള്‍ കൈക്ക് വഴങ്ങിതുടങ്ങിയപ്പോള്‍ ആദ്യമെഴുതിയതും " അമ്മ " എന്ന് തന്നെയായിരുന്നു... ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പഠനവിഷയമാക്കിയിട്ടും പഠിച്ചു തീരാത്ത അദ്ധ്യായമാണ്‌ അമ്മ എന്ന തിരിച്ചറിവിലാണിന്നും ജീവിതം... 

മേല്‍പ്പറഞ്ഞതൊക്കെയും അമ്മയെന്ന സത്യമെന്നിരിക്കെ അക്കങ്ങള്‍ പഠിച്ചു തുടങ്ങിയ കാലത്ത്  
മുത്തശിമാര്‍ പലപ്പോഴായി പറഞ്ഞു കേട്ട
"...പത്ത് മാസം ചുമന്നു നൊന്തു പ്രസവിച്ചതാ ന്റെ കുട്ടിയെ..'' എന്ന കണക്കില്‍ സംശയം തോന്നിയിരുന്നു...

ഞാന്‍ പഠിച്ചു വെച്ച കണക്കുകള്‍ പ്രകാരം ഒമ്പത് മാസവും ഒമ്പത് ദിവസവും ഒമ്പത് മണിക്കൂറും ഒമ്പത് നിമിഷത്തിനും അപ്പുറത്ത് ഒരു സ്ത്രീയും ഗര്‍ഭം ചുമന്നിട്ടില്ല എന്ന അറിവിന്‌ നേരെയുള്ള ചോദ്യ ചിഹ്നമായി അവ മാറിയിരുന്നു... എന്റെ കണക്കുകള്‍ പ്രകാരം ഇരുപതു ദിവസം അധികമാണ് മുത്തശിമാര്‍ പറഞ്ഞത്... 

പത്തല്ല പതിനായിരം മാസം എന്നവര്‍ പറഞ്ഞാലും, ഇല്ലെങ്കിലും അവരനുഭവിച്ച വേദനയുടെ ആഴവും അവരുടെ പുണ്യവും ആരും വിലകുറച്ച് കാണില്ല എന്നിരിക്കെ എന്തിനവര്‍ ഇരുപതു ദിവസം കൂട്ടി പറയുന്നു എന്നത് അന്നേ ചോദിക്കണമെന്നുണ്ടായിരുന്നു... 

അതെങ്ങാനും അന്ന് ചോദിച്ചാല്‍ "അമ്മേടെ കുട്ടി ഇനി പഠിത്തം നിര്‍ത്തുന്നതാ നല്ലതെന്ന" മറുപടിയോ " മുത്തശിയെ ചോദ്യം ചെയ്യാന്‍ മാത്രം നീ വളര്‍ന്നോ" എന്ന ആക്ഷേപമോ "മുട്ടയില്‍ നിന്നു വിരിയും മുമ്പന്നെ അവന്‍ കണക്കു പറഞ്ഞു തുടങ്ങി" യെന്ന നിരാശയോ ഒക്കെ അവരില്‍ നിന്നും ഉണ്ടാവുമോ എന്ന ഭയം മൂലം ചോദ്യങ്ങള്‍ ദഹിക്കാത്ത ഭക്ഷണമായി ഉള്ളില്‍ തന്നെ കിടന്നുറങ്ങി... 


വളര്‍ന്നൊരു പരുവമായപ്പോള്‍ ചോദിച്ചാല്‍ കുഴപ്പമില്ലെന്ന് തോന്നിയ ചിലരോടും, പലപ്പോഴായി കൂട്ടയ്മകളിലെ ചര്‍ച്ചകളിലുമൊക്കെ ഉള്ളില്‍ ഉറങ്ങിക്കിടന്ന സംശയം ചോദ്യമായി ചര്‍ദ്ദിച്ചു പോയിരുന്നെങ്കിലും... പലരും പലതരത്തില്‍ ശ്രമിച്ചിട്ടും എന്റെ സംശയങ്ങള്‍ക്ക് ദഹിക്കാതെ പോയതവരുടെ കുറ്റമായി കണക്കാക്കാതെ സ്വയം പിന്‍വലിയുകയായിരുന്നു...

ഈയിടെ കറുത്തവാവിനെ കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ ഗൂഗിളമ്മയുടെ ശുപാര്‍ശയില്‍ വിക്കിയുടെ മരുന്ന്പീടികയില്‍ നിന്നാണ് എന്റെ രോഗത്തിനെ ചികിത്സിച്ചു മാറ്റാന്‍ പോന്ന മരുന്ന് കിട്ടിയത്... 

കറുത്തവാവ് എന്നാല്‍ അമാവാസി തന്നെ... അമാവാസി എന്നാല്‍ "ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 28 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാണ് അമാവാസി..."

ചാന്ദ്രമാസത്തിന്റെ ഈ കണക്കുകള്‍ പ്രകാരം ഒരു മാസത്തില്‍ 28 ദിവസം... പത്ത് മാസമെന്നാല്‍ 280 ദിവസം.. നമുക്കിന്നു നിലവിലുള്ള കലണ്ടര്‍ പ്രകാരം ഒരു മാസത്തില്‍ 30 ദിവസം... അത് പ്രകാരം 9 മാസവും 9 ദിവസവും 9 മണിക്കൂറുമൊക്കെ കൂട്ടിവരുമ്പോള്‍ 280 ദിവസം തികയുന്നു... ഈ ആനുപാതികമായ മാറ്റമാണ് എനിക്കും മുത്തശിമാര്‍ക്കും ഇടയില്‍ സംശയമായി ഉദിച്ച 20 ദിവസത്തിന്റെ വ്യതിയാനം... 

അങ്ങിനെ ഒരു വലിയ (?) സംശയം ദഹിച്ചു... ഇനിയും ദഹിക്കാത്ത സംശയങ്ങളുമായി ഞാന്‍ നടന്നു നീങ്ങുന്നു... 

=*=*=
"...എന്ത് കൊണ്ടെന്നോരായിരം തവണ ഉള്ളില്‍ പുകഞ്ഞ ചോദ്യം
ഞാനറിയാതെ ചര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ ഉത്തരമറിയാത്ത
മാലോകരെനിക്ക് സംശയരോഗമെന്നു വിധിയെഴുതി..."
............................................സക്രു............. 

5 comments:

  1. "ചിന്തിച്ചാലൊരന്തവുമില്ല ചിന്തിച്ചില്ലേലൊരു കുന്തവുമില്ല"

    ReplyDelete
    Replies
    1. ചിന്തിക്കാനുള്ള അന്തവുമില്ല...

      Delete
  2. ഇതാണ് ഞാന്‍ ഈ വിഷയം ചിന്തിക്കാത്തെ
    മനുഷ്യന്‍റെ സുടാള്‍ഫിക്കേശന്‍ കേടാവും ..
    കൊള്ളാം പഹയാ സമ്മയ്ച്ചു

    ReplyDelete
    Replies
    1. സന്തോഷമുണ്ട് ഗബ്രിയൽ എം.ആർ.കെ....

      Delete