Nov 22, 2012

വൃശ്ചികം..! ഒരോര്‍മ്മ കുറിപ്പ്


ഇത് വൃശ്ചികം... മഞ്ഞു വീണലിഞ്ഞ രാത്രി നേരെമേറെ പുലരുവോളം നമ്മെ പുതപ്പിനുള്ളില്‍ തളച്ചിടുന്ന കാലം... സൂര്യനുണര്‍ന്നാലും ഇടവഴിയിലെ പുല്‍ത്തകിടില്‍ ഒളിച്ചിരിക്കുന്ന ജലകണികകള്‍ കാമുകിയെ പോലെ കാല്‍പാദത്തില്‍ ചുംബിക്കുന്ന കുളിരുള്ള പ്രഭാതങ്ങള്‍ ... 

മറവിയെന്ന പായല്‍ പിടിച്ച ഓര്‍മ്മക്കുളത്തില്‍ ആരോ എറിഞ്ഞൊരു കല്ല്‌ ചീളാല്‍ വ്യക്തമാകുന്ന തെളിനീരില്‍ ഭൂതകാലത്തിന്റെ സ്മരണകള്‍ പതിയെ പതിയെ തെളിഞ്ഞു വരുന്നുണ്ട്...

പല്ലുകള്‍ കൂട്ടിയിടിക്കുമാറു കോച്ചിപ്പിടിക്കുന്ന തണുപ്പിനെ അവഗണിച്ചു, പുഴയിലേക്ക് കുളിക്കാനായ് പോകുകയും കുളി കഴിഞ്ഞു വരികയും ചെയ്യുന്ന ഹൈന്ദവ ഭക്തരുടെ,.. മടിച്ചിരിക്കുന്ന പുലരിയെ വിളിച്ചുണര്‍ത്താനെന്നോണം ഉച്ചത്തിലുള്ള അയ്യപ്പവിളികളുടെ ശബ്ദം കേട്ടുകൊണ്ടുണരുന്ന ഉമ്മ, അടുക്കളവാതിലിന്റെ ഓടാമ്പല്‍ വലിച്ചു തുറക്കുന്ന ശബ്ദം തലവരെ മൂടിപ്പുതച്ച പുതപ്പിനുള്ളില്‍ കിടന്നു കേള്‍ക്കുമായിരുന്നു... എന്നിട്ടും ഇമകള്‍ ഇറുക്കിയടച്ചു വീണ്ടും ഉറക്കത്തെ കാത്തിരിക്കും..

തണുപ്പരിച്ചിറങ്ങുന്ന ദ്വാരം ഇരുട്ടില്‍ തപ്പി അവിടേക്ക് പുതപ്പു വലിച്ചു നീട്ടാനൊരു പാഴ്ശ്രമം നടത്തും... അപ്പോഴേക്കും അനിയന്‍ പുതപ്പ് അവന്റെ മേലേക്ക് വലിക്കും... ദ്വന്ത യുദ്ധങ്ങള്‍ക്കൊടുവില്‍ പുതപ്പിന്റെ പപ്പാതിക്ക് സന്ധിയാകും... പിന്നെ... തനിക്കു കിട്ടിയ പാതി അവകാശത്തില്‍ ചേരട്ടയെ പോലെ ഒന്ന് കൂടി ചുരുണ്ട് കൂടി കുറച്ചു നേരം കൂടി കിടക്കുമ്പോഴേക്കും അടുക്കളയില്‍ നിന്നും ഉമ്മയുടെ വിളി വരും...

"...മാനേ... ണീറ്റ് നിസ്കരിച്ചാന്‍ നോക്കിനെടാ..."

ആരെയൊക്കെയോ പ്രാകി പറഞ്ഞ് കൈകള്‍ കൊണ്ട് നെഞ്ചത്ത് ഗുണനം വരച്ച് അടുക്കളയില്‍ വന്നു അടുപ്പിനരികിലിരുന്നു ചൂട് കായുമ്പോഴേക്കും ഉമിക്കരി എടുത്ത് കയ്യില്‍ ഇട്ടു തന്നു പല്ല് തേച്ചു വരാന്‍ ഉമ്മ പറയും... 

മടിച്ചു മടിച്ചു കിണ്ടിയെടുത്ത് കയ്യിലേക്ക് വെള്ളമോഴിക്കുമ്പോഴേക്കും അസഹനീയ തണുപ്പിനാല്‍ "അള്ളോ.." ന്നൊരു വിളി വരും... കഴുത്തറുത്തിട്ട കോഴി പെടക്കുന്ന പോലൊരു പെടച്ചിലില്‍ പല്ലുതേപ്പും വുളു എടുക്കലും കഴിയും... നിസ്കരിച്ചു വരുമ്പോഴേക്കും കട്ടന്‍ ചായ റെഡി ആയിട്ടുണ്ടാകും...!

അടുപ്പിനരികില്‍ തന്നെ ഇരുന്നു, ആ ചായ മൊത്തി മൊത്തി കുടിക്കുന്നതിനിടയില്‍ ഉമ്മ പറയും...

"...കണ്ണനും പ്രവീണുമൊക്കെ മലക്ക് പോകാന്‍ കുളിക്കാനായ്‌ വരുണോണ്ടാണ്... ഇങ്ങക്ക് സുബുഹ് ഖളാഹ് ആകാതെ കിട്ടണത്..."

"ഹ..ഹാ... തണുപ്പത്ത് ഞമ്മള്‍ നീച്ചു വന്നതും പോരാ... അയിന്റെ ക്രെഡിറ്റ് ഒക്കെ ഓല്‍ക്കും... പെസ്റ്റ് ഉമ്മ..." അനുജന്റെ പരാതി...

" അല്ലാതെ പിന്നെ... എത്ര വട്ടം വിളിചാലാ ഇങ്ങളൊന്ന് നീച്ചല്‍ ..?" ഉമ്മയുടെ വാദം... ന്യായം...!

അടുക്കളയെന്ന കോടതി മുറിയില്‍ നിന്നും ഉമ്മയോട് വാദിച്ചു ജയിക്കില്ലെന്ന് ബോധ്യമായതോടെ തലകുനിച്ചു ഞങ്ങള്‍ ഇടവഴിയിലേക്ക് ഇറങ്ങി...!

ചെമ്മല (കൊഴിഞ്ഞു വീണ ഇലകളും മറ്റും) അടിച്ചു വാരി പെറുക്കുന്നവര്‍ ഇടവഴി വൃത്തിയാക്കല്‍ തുടങ്ങിരിക്കുന്നു... അവരുടെയെല്ലാം കൈവശം കയറു കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക ഇനം ചാക്കുകള്‍ കാണും...

അനിയന്‍ അതില്‍ കയറി ചാടി ചാടി ചപ്പിച്ചു കൊടുക്കും... അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ ചെമ്മല അതില്‍ നിറയ്ക്കാനാവും... അപരനു ഉപകാരമുള്ള ആ കുസൃതി ഒന്ന് രണ്ടു വട്ടം ചെയ്യുമ്പോഴേക്കും ഇടവഴി ചെത്തിന്‍മേല്‍ (റോഡില്‍ ) കൂട്ടിമുട്ടും...

അബ്ദുക്ക തന്റെ പലചരക്ക് കടയുടെ നിരപ്പലക ഒന്നൊന്നായി എടുത്തു ചാരി വെക്കുന്നതേ ഒള്ളൂ... ഞങ്ങളെ കണ്ടതും അബ്ദുക്ക ചോദിച്ചു...

"മദ്രസയൊന്നും ഇല്ലാത്ത ഇന്നെവിടെക്കാ രണ്ടാളും കൂടി ഇത്ര നേരത്തേ..? "

"വെറുതെ പോന്നതാ... പേപ്പര്‍ വായിക്കേം ചെയ്യാലോ ന്നു വെച്ച്..." അപ്പോള്‍ വായില്‍ വന്നത് പോലെ പറഞ്ഞു...

ഉണ്ണിയേട്ടന്റെ ചായക്കടയില്‍ നല്ല തിരക്കുണ്ട്‌..,.. കടയുടെ ഉമ്മറത്ത് ഒന്നിലധികം തൂമ്പ ചാരി വെച്ചത് കണ്ടു അനിയന്‍ ചോദിച്ചു...
"കാക്കൂ... കുറെ കൈക്കോട്ടുകള്‍ അവിടെ ഇരിക്കുന്നുണ്ടല്ലോ.. ഇന്നെന്താ സേവന വാരം തുടങ്ങുകയോ മറ്റോ ആണോ...? "

"അല്ലേടാ... തോട്ടം കിളക്കാന്‍ പോകുന്ന പണിക്കാര്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ പുറത്തു വെച്ചതാവും..." ന്നൊരു മറുപടി ഞാനും കൊടുത്തു...

(തുടരും...)

Nov 21, 2012

വായനക്കാരിയുടെ കണ്ണില്‍ ...


പ്രിയനേ... എഴുത്തുകാരാ...
അകലങ്ങളില്‍ എവിടെയോ ആണ് നീ... എന്നിരുന്നാലും നിന്റെ അക്ഷരങ്ങള്‍ എന്നെ തേടി വരുന്നുണ്ട്... അക്ഷരങ്ങളുടെ ലോകത്ത് നീ ഇന്നും അലസനാണെന്നതില്‍ വിഷമം തോന്നാറുണ്ടെങ്കിലും... ഇടക്കിടക്കുള്ള ആളിക്കത്തലുകള്‍ , അണയാത്ത തീ നാളം നിന്നിലിന്നും അവശേഷിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു...

ഉമിത്തീ പോലെരിയുന്ന നിന്റെ തീക്കനലുകളെ ആളിക്കത്തിക്കാന്‍ കാറ്റായ് അവതാരമെടുക്കുന്നത് ആരാണ് എന്നൊരു ചോദ്യം എന്നില്‍ ഉരുത്തിരിയാറുണ്ട് പലപ്പോഴും... ഉത്തരം കണ്ടെത്തുന്നതില്‍ പരാജിതയാവുമ്പോള്‍ ഭൂതകാലത്തിലേക്ക് ആ ചോദ്യമൊരു ചൂണ്ടയെറിയും...

പണ്ടും നീ അങ്ങിനെ ആയിരുന്നല്ലോ... ഇനിയൊരിക്കലും നിന്റെ എഴുത്തുണ്ടാവില്ലെന്ന തോന്നല്‍ ഉളവായി തുടങ്ങുന്ന നിമിഷങ്ങളില്‍ നീ ശക്തമായ ഒരു പ്രമേയം എഴുതിക്കൊണ്ട്... എന്റെ, എന്നെ പോലെ നിന്റെ അക്ഷരങ്ങള്‍ക്കായ് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ അക്ഷരമഴയൊരുക്കും നീ... വായനയുടെ ലോകത്ത്, വരള്‍ച്ചയുടെ മീനമാസ ചൂടില്‍ വിണ്ടു കീറിയ ഹൃത്തടങ്ങളില്‍ കുളിരായ് മാറ്റുവാന്‍ പ്രാപ്തമായൊരു മഴ...! അത്തരമൊരു മഴയില്‍ നനഞ്ഞു കുതിര്‍ന്നവളുടെ മയിലാട്ടം മാത്രമാണീ കത്തിനാധാരം...

നിന്റെ അക്ഷരങ്ങളെ പ്രണയിച്ചവളെന്ന നിലയില്‍ ... ഒരു കാമുകിയുടെതായ സങ്കല്‍പ്പങ്ങളും പരാതികളും പരിഭവങ്ങളും സംശയങ്ങളും നിര്‍ദേശങ്ങളും ഒക്കെ സ്വന്തമായുള്ളവളാണ് ഞാന്‍ ... അത് നിന്നോട് പങ്കുവെക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവളും...നിന്റെ വരികളില്‍ നിന്നും പ്രണയം ഇറങ്ങി പോയിട്ടെത്ര നാളായി...? എന്ത് കൊണ്ടാണ് നിന്റെ അക്ഷരങ്ങളില്‍ നിന്നും പ്രണയത്തെ പടിയിറക്കി വിട്ടു പിണ്ഡം വെച്ചത്...? തൊട്ടുതീണ്ടായ്കയുടെ ജ്വരം നിന്നെയും ബാധിച്ചുവോ..?

കാലഘട്ടത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളിലെ അര്‍ത്ഥശൂന്യമായ പ്രണയങ്ങള്‍ നീ പറഞ്ഞു തുടങ്ങി അവസാനിപ്പിക്കുമ്പോഴേക്കും ആ പ്രണയവും അവസാനിക്കുമോയെന്ന ഭയമാണോ നിന്നെ പ്രണയാക്ഷരങ്ങളെ തൊട്ടു പിന്‍വലിക്കുന്നത്...

അതോ... നിന്നെ വിട്ടു പോയ പ്രണയിനിയുടെ വിരഹത്താല്‍ നിന്നിലെ പ്രണയവും മരവിച്ചതോ..? അങ്ങിനെയെങ്കില്‍ ... പ്രണയഭാജനത്തെ സ്വന്തമാക്കലല്ല പ്രണയമെന്ന നിന്റെ ആദര്‍ശത്തിനെ അത് വെല്ലുവിളിക്കുന്നു...

നിന്റെ അക്ഷര ചോറ് പ്രകൃതിയുടെ കലത്തില്‍ വെച്ചിട്ട് കാലമെത്രയായി...? മരങ്ങളുടെ പച്ചപ്പും തണലും പുഴയും കുളവും നീരാട്ടുമൊക്കെ വിട്ടു കൊണ്ക്രീറ്റ് സൗധങ്ങളുടെ നാല് ചുവരുകളും, അതിനുള്ളിലെ ഫാനും ഏസിയും, സ്വിമ്മിംഗ് പൂളുകളിലെ നിറമുള്ള വെള്ളവുമൊക്കെ നിന്റെ അക്ഷരക്കൂട്ടുകളില്‍ ചേരുവയായി കയറി വരുന്നതെന്തുകൊണ്ടാണ്...?

വികസനത്തിന്റെ പാത പിന്തുടര്‍ന്ന് ഹൈവേയിലൂടെയും എക്സ്പ്രെസ്സ് വേയിലൂടെയുമൊക്കെ നിന്റെ വരികള്‍ സഞ്ചരിക്കുമ്പോള്‍ പുഴയോഴുകിയ വഴിയും നാം പിച്ച വെച്ച് നടന്ന ഇടവഴിയും ഒക്കെ നിന്റെ വരികളില്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയാണ് നീ സമ്മാനിക്കുന്നത്...!

നീയറിയുന്നില്ലെങ്കിലും നിന്റെ വരികളില്‍ പ്രതീക്ഷയോടെ കണ്ണുകള്‍ പായിക്കുന്നവര്‍ കാണാമറയത്തുണ്ട്... പ്രാര്‍ഥനകളും പ്രതീക്ഷകളുമായി... നിന്നെ പോലെ എഴുതാന്‍ കഴിയാത്ത അവര്‍ക്ക് പറയാനുള്ളത് കൂടി നിന്റെ വരികളിലൂടെ ലോകമറിയണം എന്നാഗ്രഹിക്കുന്ന ചിലര്‍ ... നിന്റെ തൂലികയില്‍ നിന്നും ഓരോ കുഞ്ഞു പിറക്കുമ്പോഴും ഒരു പേരക്കിടാവിനെ കൂടി കിട്ടിയ പോലെ... സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നവര്‍ ...

ഈയിടെയായി നിന്റെ രചനകളില്‍ ലൈംഗികതയുടെ അതിപ്രസരം കടന്നു വരുന്നുവെന്ന് വാദിക്കുന്ന ചിലരുണ്ട്... എനിക്കവരോട് പുച്ഛമാണ് തോന്നുന്നത്... ഒളിഞ്ഞിരുന്നു ആസ്വദിക്കുകയും പുറമേക്ക് വിമര്‍ശിക്കുകയും ചെയ്യുന്ന കപട സദാചാരത്തിന്റെ കാവലാളാകാന്‍ നിന്റെ വരികള്‍ ഒരുക്കമല്ലെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്... പലരും പറയാന്‍ മടിക്കുന്നത് പറയാന്‍ നീ കാണിക്കുന്ന തന്റേടം... അത് വിമര്‍ശന ശരങ്ങളാല്‍ കൈമോശം വരാതിരിക്കട്ടെ..

Nov 14, 2012

ഉറങ്ങാത്ത കൂട്ടുകാരന്‍

ഓര്‍മ്മ വെച്ച നാള്‍ തൊട്ടു നീ എന്റെ ചുറ്റുപാടുകളില്‍ ഉണ്ട്...
എന്റെ ഓരോ വളര്‍ച്ചയും കാലത്തിന്റെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തിയത് നിന്റെ ഹൃദയമിടിപ്പുകള്‍ ആണ്... 

ഞാനിന്നുമോര്‍ക്കുന്നു... ഞാന്‍ നിന്നെ ആദ്യം കണ്ട നാള്‍ ... അല്ല... എനിക്കും മുമ്പേ പിറന്ന നിന്നെ തിരിച്ചറിഞ്ഞ നിമിഷം.... നടക്കാന്‍ പഠിച്ച കാലത്ത്... വലതു കയ്യാല്‍ എന്നെ പിടിച്ചു നടക്കുന്ന അച്ഛന്റെ ഇടതു കയ്യില്‍ പിടിവിടാതെ നീയുണ്ടായിരുന്നു... 

എന്നെ നോക്കുന്നതിനിടയിലും ഇടയ്ക്കിടയ്ക്ക് അച്ഛന്‍ നിന്നെ ശ്രദ്ധിക്കാന്‍ മടി കാണിച്ചിരുന്നില്ല... കുറച്ചു സമയം കളിക്കുമ്പോഴേക്കും എന്നെ കൈ വിടുവിച്ചു പോകുന്ന അച്ഛന്‍ നിന്നെ മാത്രം കൂടെ കൂട്ടുന്നത് കണ്ടു പലപ്പോഴും എനിക്ക് നിന്നോട് അസൂയ തോന്നിയിട്ടുണ്ട്... !

അച്ഛന്റെ ഇടതു കയ്യില്‍ നിന്നുമിറങ്ങാന്‍ കൂട്ടാക്കാത്ത നിന്നെ... കുളിക്കടവില്‍ വെച്ച് അച്ഛന്‍ നിന്നെ താഴെ വെച്ചതു ഞാന്‍ കണ്ട ആ ദിവസം... വീണു കിട്ടിയ അവസരം നോക്കി നിന്നെ ഞാന്‍ കുത്തി നോവിച്ചത് നീ ഓര്‍ക്കുന്നുവോ..? നീയതോര്‍ത്താലും ഇല്ലെങ്കിലും അക്കാരണത്താലെന്നെ അച്ഛന്‍ തല്ലിനോവിച്ചതിന്നും ഞാന്‍ ഓര്‍ക്കുന്നു...! 

ഞാന്‍ ചെല്ലുന്നിടത്തെല്ലാം നീയുണ്ടായിരുന്നു... പല രൂപത്തിലും... പല ഭാവത്തിലും... ആണായി പിറന്നവരുടെയൊക്കെ കയ്യില്‍ തൂങ്ങി നീ ചിരിക്കുമ്പോള്‍ എനിക്ക് നിന്നോട് ദേഷ്യമായിരുന്നു... പക്ഷെ... 

ഒന്നാം ക്ലാസില്‍ ഞാന്‍ ഒന്നാമനായ ആ നാള്‍ ... അച്ഛനൊപ്പം വന്നു നീയെന്റെ കൈ പിടിച്ച അന്ന് തൊട്ടു എനിക്ക് നിന്നോട് വല്ലാത്ത ഇഷ്ടം തോന്നി... അതില്‍ പിന്നെ ആരെങ്കിലും ഇടയ്ക്കിടയ്ക്ക് നിന്നെ നോക്കി "നാശം" എന്ന് പിറുപിറുക്കുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് സഹതാപമായിരുന്നു... ഒപ്പമവരോട് വെറുപ്പും...!

രാപകലില്ലാതെ ഓടുന്ന നിന്നോടൊപ്പം ഓടി തളര്‍ന്നു ഉമ്മറപ്പടിയില്‍ ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന എന്നെ ചുമരില്‍ തൂങ്ങി നിന്ന് ശബ്ദമുണ്ടാക്കി ഉണര്‍ത്തി,.. കിടപ്പ് മുറിയില്‍ പോയി കിടക്കാന്‍ ഓര്‍മ്മിപ്പിച്ചതും നീയായിരുന്നില്ലേ.? 

സ്കൂളിലും കളിക്കളത്തിലും ഒക്കെ എന്റെ കൂട്ടുകാര്‍ക്കിടയില്‍ അഭിമാനപൂര്‍വ്വം നിന്നെ പരിചയപ്പെടുത്തിയ ദിവസം ഓര്‍ക്കുന്നുവോ നീ..? 

അന്ന് നിന്നെ കുറിച്ച് ഞാന്‍ പൊങ്ങച്ചം പറഞ്ഞതാണ് എന്ന് പറഞ്ഞ പാറുവിന്റെ ചെവിക്കു പിടിച്ചു ഞാന്‍ തിരുമ്മിയതും... നിന്നെ ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ പുറം തിരിഞ്ഞു നിന്ന നാസറിന്റെ തലമണ്ടക്കിട്ടു കൊട്ടിയതും... ബലം പ്രയോഗിച്ചു നിന്നെ എന്നില്‍ നിന്നകറ്റാന്‍ ശ്രമിച്ച ആ തടിമാടന്‍ അപ്പുവിന്റെ അടുത്ത് നിന്നും നിന്നെയും കൊണ്ട് കുതറി ഓടിയതും... അകലെ നിന്നവനെ കല്ലെടുത്തെറിഞ്ഞതും ഒക്കെ നീയിന്നോര്‍ക്കുന്നുവോ..? 

നിന്റെ ബലത്തിലാണ് ഞാന്‍ അവര്‍ക്ക് മുമ്പില്‍ അഹങ്കരിച്ചതെന്നതിനാല്‍ തന്നെ....നിന്നെ ആര്‍ക്കും വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറുമായിരുന്നില്ല...! എല്ലാം ഇന്നലെയിലെന്ന പോലെ എനിക്കോര്‍മ്മയുണ്ട്...

പതിയെ പതിയെ നീ എന്റെ സന്തത സഹചാരി ആയി മാറിയപ്പോള്‍ നമ്മള്‍ക്കിടയില്‍ വല്ലാത്തൊരടുപ്പം ഉണ്ടായതറിഞ്ഞിരുന്നോ നീ...? 

ഞാന്‍ വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന നിന്ന നോക്കുമ്പോഴെല്ലാം ഇടതു കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് കളിക്കാന്‍ പോകുവാനുള്ള സമയമായെന്ന് എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു നീ...

ഊണിലും ഉറക്കിലും യാത്രയിലും ഒക്കെ... എന്തിനധികം പറയണം.. കുളിക്കുമ്പോഴും കക്കൂസില്‍ പോകുമ്പോള്‍ വരെ നീ എന്റെ കൂടെ വന്നില്ലേ...? 

നമുക്കിടയിലെ മറയില്ലാത്തൊരു കൂട്ടുകെട്ട് കണ്ടു അമ്മ പലപ്പോഴും എന്നെ വഴക്ക് പറഞ്ഞപ്പോള്‍ പല രാത്രികളിലും വിഷമത്തോടെയെങ്കിലും നിന്നെ കൈവിടുവിച്ചിട്ടുണ്ട് ഞാന്‍ ... എന്നിട്ടും... നേരം പുലരുമ്പോള്‍ ... എന്നോട് കൂട്ടുകൂടാന്‍ നീ മടി കാണിച്ചില്ല...!

ഒരിക്കല്‍ എന്നോടൊപ്പം മുങ്ങിക്കുളിച്ചതിന്റെ പേരില്‍ മൂക്കില്‍ വെള്ളം കയറി ചീരാപ്പ് പിടിച്ച നിന്നെയും കൂട്ടി അടുപ്പിനടുത്ത് പോയി നിന്ന് ആവി കൊള്ളിച്ചു ഞാന്‍ ,... 

ക്ഷീണം കൊണ്ട് കിതച്ചു നീ കിടപ്പിലായപ്പോള്‍ നിന്റെ കാലുകള്‍ തിരുമ്മി തന്നു, പിന്നില്‍ നിന്നും വേഗത്തില്‍ തള്ളി നിന്നെ നടത്തിയതോര്‍മ്മയുണ്ടോ.. അങ്ങിനെ നടന്നു വന്ന നീ പിന്നെ ഉഷാറായി വീണ്ടുമെന്നെ കൈപിടിച്ച് നടന്നതും ഇന്നുമോര്‍മ്മയില്‍ സുഖം നല്‍കുന്നു...!

നിന്നെ കുളിപ്പിച്ച വകയില്‍ എനിക്കും കിട്ടി അച്ഛന്റെ കയ്യില്‍ നിന്ന്... കണ്ണീന്ന് പൊന്നീച്ച പറക്കുന്ന പോലെ രണ്ടെണ്ണം...! അത് നീ കണ്ടതേയില്ല... കാരണം അപ്പോള്‍ ഞാന്‍ കിടപ്പ് മുറിയിലും നീ അടുക്കളയിലുമായിരുന്നല്ലോ...!

കാലം കടന്നു പോയി... 
എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നീയെനിക്കൊപ്പം നിന്നു...

പരീക്ഷ സന്ദര്‍ഭങ്ങളില്‍ ... ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ... അങ്ങിനെ... പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് സന്ദര്‍ഭങ്ങളില്‍ പലപ്പോഴും എന്നെ വിഷമിപ്പിക്കുകയും അതിലേറെ എന്നെ സഹായിക്കുകയും ചെയ്തു നീ...!

നിന്നെ ആശ്രയിച്ചു എന്തെല്ലാം നേട്ടങ്ങള്‍ ഞാന്‍ കൊയ്തു...? നിന്റെ ധൃതി കാരണം എനിക്കെന്തൊക്കെ നഷ്ടപ്പെട്ടു...? പഴിക്കാനും പുകഴ്ത്താനും പോന്ന പലതും ഇന്നും ഓര്‍ത്തെടുക്കാന്‍ എനിക്കാവുന്നുണ്ട്...

ഒടുവില്‍ ... പ്രാരാബ്ദ പെട്ടിയുമായി കടല് കടന്നു വന്നപ്പോഴും നീയെന്റെ കൂടെ പോന്നു... ഇവിടെ വന്നു എന്റെ ജീവിത രീതിയെ തിട്ടപ്പെടുത്തുന്നതില്‍ നീ പ്രധാന പങ്കു വഹിച്ചു... ഞാന്‍ ഗാഢമായി ഉറങ്ങിയപ്പോഴും ഉറങ്ങാതെ കൂട്ടിരുന്ന്‍....,... എനിക്ക് ഓഫീസില്‍ പോകാന്‍ സമയമായാല്‍ എന്നെ വിളിച്ചുണര്‍ത്തി നീ... 

നിന്നോട് ഞാനാവശ്യപ്പെട്ട സമയത്ത് ഒക്കെയും നീ എന്നെ ഉണര്‍ത്തി... ഉണര്‍ത്താന്‍ ശ്രമിച്ച നിന്റെ തലമണ്ടക്കിട്ടു കൊട്ടി മിണ്ടാതിരുന്നു കൂടെ നിനെക്കെന്നു പിറുപിറുത്തിട്ടുണ്ട് പലപ്പോഴും ഞാന്‍ ... ഒരു നീരസവുമില്ലാതെ നീ വീണ്ടുമെന്നെ വിളിച്ചുണര്‍ത്തി... ഇന്നും നീ എനിക്കൊപ്പം തന്നെയല്ലേ പ്രിയ കൂട്ടുകാരാ... 

രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നിന്റെ മുഖമുദ്ര ആയിരുന്നു...! സാങ്കേതിക വളര്‍ച്ചയുടെ പിറകെ ഞാന്‍ പോയപ്പോഴും പുത്തന്‍ രൂപത്തില്‍ വന്നു എനിക്കൊപ്പം നിന്നു നീ.. പ്രിയനേ... കാലം സാക്ഷി... നീ തന്നെ കാലത്തിന്റെ..., എന്റെ സമയത്തിന്റെ കാവല്‍ ഭടന്‍ ...! 

എന്റെ കാലം കഴിഞ്ഞാലും നീ ഇവിടെയൊക്കെ തന്നെ കാണും... അറിയാം.. നിനക്ക് മരണമില്ലെന്ന്...  എന്റെ ഹൃദയമിടിപ്പ്‌ നിലക്കുമ്പോഴും... നിന്റെ ഹൃദയമിടിപ്പ്‌ നില്‍ക്കില്ലെന്ന ഉറപ്പില്‍ .... 

ഇന്നലെ വരെയും... വാച്ച്, ടൈം പീസ്‌, ഘടികാരം... അങ്ങിനെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നീയെനിക്ക് തോഴനായി...  ഇന്ന്... എന്റെ മൊബൈല്‍ ഫോണിലൂടെയും നീയെനിക്കൊപ്പമുണ്ട്... എന്റെ സമയത്തിന്റെ പാറാവുകാരനായി... 

ആ നിനക്കായ്‌,.. നിന്നെ കുറിച്ച് പറയാനായി ഒരല്‍പം സമയം ഞാന്‍ ചിലവഴിച്ചു എന്നതിലുള്ള സന്തോഷത്താല്‍ ഞാനുറങ്ങുന്നു...@!!! 

....ശുഭം....

Jul 17, 2012

ശേഷിപ്പ്

കേവലമൊരു മുള്‍മുനതന്‍
കടന്നാക്രമണത്തിനു
പ്രതിരോധം തീര്‍ക്കവയ്യാതെ
കീഴടങ്ങേണ്ടി വന്ന ബലൂണൊരു
പുനര്‍വിചിന്തനം നടത്തി...!!!

പരാജയം... എന്ത് കൊണ്ട്..?

മുള്‍മുനയുടെ സഹായത്തില്‍
തന്റെ അടിമത്വത്തില്‍ നിന്നും
സ്വാതന്ത്ര്യം ലഭിച്ച കാറ്റിനൊരു
മറുപടിയുണ്ടായിരുന്നു...

"...അല്ലയോ ബലൂണ്‍ ...!!!
സ്വന്തമെന്നഹങ്കരിച്ചു നടന്ന
നിങ്ങളുടെ ഭീമാകാരമായ രൂപം
തടവറയിലകപ്പെട്ടയെന്റെ
അസ്ഥിത്വമായിരുന്നു...

Jul 10, 2012

വൃക്ഷങ്ങള്‍സാഹിത്യത്തിലേക്കിറങ്ങിയാല്‍

മികച്ച കഥക്കുറവിടമാകുന്നത്
ശ്മശാനത്തില്‍ പടര്‍ന്നു പന്തലിച്ച
ശൂന്യതയുടെ ശിഖിരമായിരിക്കും...
....
പുഴക്കരയിലെ അത്തിമരത്തില്‍
നിന്നടര്‍ന്നു വീണ വരികളാല്‍
തത്തിക്കളിക്കും ഓളങ്ങള്‍ രചിക്കും
കവിത മാത്രമാവുമത്രേ സൗന്ദര്യം...
....
അന്നും...
മരുഭൂമിയില്‍ അങ്ങിങ്ങായി വളര്‍ന്ന
കള്ളിമുള്‍ ചെടികള്‍ക്ക് കുറിക്കാന്‍
അതിജീവനത്തിന്റെ ഉപ്പുരസം
നിറച്ചു വെച്ച മഷിത്തണ്ട് മാത്രം...

Jul 8, 2012

"...സുഖം കുറയുന്ന അവസ്ഥയിലെല്ലാം മനുഷ്യര്‍ അസുഖം ഉള്ളവരാകുന്നില്ല..."
"...മഴ പെയ്യുന്നവസരങ്ങളിലെല്ലാം കുടിവെള്ളം ലഭ്യമാകണമെന്നില്ല..."

Jul 7, 2012

ബലം

"...കടിച്ചാല്‍ പൊട്ടാത്തത് കടിക്കപ്പെടുന്നതിന്റെ ബലം കൊണ്ട് മാത്രമല്ല...
കടിക്കാന്‍ ഉപയോഗിക്കുന്ന പല്ലിന്റെ ബലക്കുറവു കൊണ്ട് കൂടിയാണ്..."

Jul 6, 2012

"...തെറ്റ് ചെയ്യുമ്പോള്‍ മനസ്സിനെ അലട്ടുന്നത് പലപ്പോഴും തെറ്റിനെ കുറിച്ചുള്ള ഭയമല്ല... മറിച്ച്, തെറ്റെന്നുറപ്പോടെയുള്ള ചെയ്തി മറ്റാരെങ്കിലും കാണുമോയെന്നുള്ള ഭയമായിരിക്കും...

Jul 5, 2012

പിന്നാമ്പുറം

"...സമൂഹം മുഴുക്കെ അപരാധിയായ്‌ കണക്കാക്കുമ്പോഴും... പെറ്റമ്മക്ക്‌ മുമ്പിൽ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയുന്നവനെത്ര ഭാഗ്യവാൻ...


സമൂഹം മുഴുക്കെ വാഴ്ത്തപ്പെട്ടവനായ്‌ കണക്കാക്കുമ്പോഴും... പെറ്റമ്മക്ക്‌ മുമ്പിൽ പാപഭാരത്താൽ തല കുനിക്കേണ്ടി വരുന്നവനെത്ര നിർഭാഗ്യവാൻ... "

Jul 4, 2012

"...ഇഷ്ടമുള്ള ഒന്നിനോട്‌ പുറമേക്ക്‌ താൽപര്യം കാണിക്കാതിരിക്കുമ്പോഴും അകം കൊണ്ടൊരടുപ്പം നിലനിൽക്കും..."

Jul 3, 2012

അസ്തമയ സൂര്യന്‍

റോഡിനു കുറുകെ വീണ റയില്‍വേ ഗൈറ്റിനു പിറകില്‍ അക്ഷമയോടിരിക്കവെയാണ് അച്ചു കണ്ണാടിയില്‍ നോക്കിയത്... അലസമായി കിടന്ന തലമുടി ഒതുക്കിയിടുന്നതിനിടയില്‍ കണ്ണാടിയില്‍ തനിക്കും പിറകിലെ ആകാശത്തിന്റെ നീലത്തെരുവില്‍ വെള്ളയുടുപ്പിട്ട പഞ്ഞിക്കുട്ടികള്‍ ഓടികളിക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കവേ മനസ്സ് മന്ത്രിച്ചു... ഇന്ന്... ഈ പകല്‍ കൂടി തന്റെതാണ്... ഇതൊന്നു ഇരുണ്ടു വെളുക്കുന്ന സമയം കൂടി മാത്രമാണ് തനിക്കു മുമ്പില്‍ ഉള്ളത്... സന്തോഷത്തിന്റെ അവസാന യാമങ്ങള്‍ ... നാളെയുടെ പ്രഭാതം തന്റെ ആശ്രിതര്‍ക്ക് ദു:ഖത്തിന്റെതാണ്... അതേ കുറിച്ചുള്ള ചിന്തയുടെ ഓര്‍മ്മപ്പെടുത്തല്‍ ഇന്നിന്റെ ആസ്വാദനത്തിനു മേല്‍ കരിമ്പടം പുതക്കുന്നു... ചിന്തകള്‍ ഇന്നിനെ വിട്ടു നാളെയില്‍ ചേക്കേറുകയാണ്...


ചൂളം വിളിച്ചു കടന്നു പോയ തീവണ്ടിയാണ് ചിന്തക്കൊപ്പം കാഴ്ച്ചയെ ഭൂമിയിലേക്ക്‌ ആനയിച്ചത്... തുറന്നു കിട്ടിയ റയില്‍വേ ഗൈറ്റും കടന്നു തിരക്കല്‍പം ഒഴിഞ്ഞു കിട്ടിയപ്പോള്‍ കണ്ണുകള്‍ വീണ്ടും മുകളിലേക്കുയര്‍ന്നു... ആകാശത്തിന്റെ നീല നിറം മങ്ങി- ത്തുടങ്ങിയിരിക്കുന്നു... പഞ്ഞിക്കെട്ടുകളുടെ വെള്ളയുടുപ്പില്‍ അഴുക്കു പുരണ്ടിരിക്കുന്നു... കുറച്ചു മുമ്പേ കടന്നു പോയ തീവണ്ടിയില്‍ നിന്നും മുകളിലേക്ക് പോയ പുകപടലങ്ങള്‍ ആകാശസുന്ദരിയെ വിരൂപയാക്കിയതാവുമോ..?

Jul 2, 2012

"...സൂര്യന്‍ ഉദിച്ചുവെന്നത് കൊണ്ട് മാത്രം ഇരുളകലുന്നില്ല..."

Jul 1, 2012

ഭ്രൂണഹത്യ

"... ഓരോ കോഴിക്കുഞ്ഞ്‌ പിറക്കുമ്പോഴും ഒരു മുട്ടയുടക്കപ്പെടുന്നു... എന്നാൽ മുട്ടയുടക്കുമ്പോഴെല്ലാം ഒരു കോഴിക്കുഞ്ഞ്‌ പിറക്കുന്നില്ലെന്ന് മാത്രമല്ല..; പലപ്പോഴും കോഴിക്കുഞ്ഞുങ്ങൾക്ക്‌ ജന്മാവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നു..."

Jun 26, 2012

ഇതളടര്‍ന്ന കുസുമങ്ങള്‍


പകലധ്വാനം കഴിഞ്ഞ സൂര്യന്‍ പടിഞ്ഞാറന്‍ കുന്നിന്‍ മറവിലെവിടെയോ തളര്‍ന്നു തേങ്ങുന്നു... മൂകസാക്ഷിയായ ചന്ദ്രന്‍ മേഘക്കീറുകള്‍ക്കുള്ളില്‍ നിറം മങ്ങി നിന്നു... ഇരുള്‍ വീണ ഇടവഴിയില്‍ കണ്ണുംനട്ടെത്ര സമയമങ്ങിനെ ഇരുന്നുവെന്നറിയില്ല... ഉമ്മറം വരെ വീശി വന്നൊരു കാറ്റിനോട് ഘടികാരസൂചികള്‍ കുശലം പറഞ്ഞപ്പോഴാണ് രേണുക തന്നെ പുണര്‍ന്നിരുന്ന ഓര്‍മ്മകളില്‍ നിന്നും മുക്തയായത്... ഓര്‍മ്മകള്‍ മാത്രം പ്രവേശിക്കുന്ന ആ കൊച്ചു വീട്ടില്‍ ഏകയായ്‌ താമസിക്കാന്‍ തുടങ്ങിയിട്ടെത്ര നാളായി...? കരുത്തുള്ള ഒരാണ്‍തുണയില്ലാതെ...!!! കൈപ്പിടിയില്‍ ഒതുങ്ങുന്നൊരു കൊടുവാളിന്റെ കൂട്ടില്ലാതെ...!!! കുരക്കാന്‍ പോയിട്ടോന്നു മോങ്ങാന്‍ പോലും കഴിയുന്നൊരു നായ പോലും ഉമ്മറത്തില്ലാതെ...!!!


സെകന്റ് ഷോ കഴിഞ്ഞു പോകുന്ന പിള്ളാര്‍ തന്നെ നോക്കി എന്തോ അടക്കം പറയുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാവാമവള്‍ പാതിയിലടര്‍ന്നു വീണ ഓര്‍മ്മപുതപ്പുമായകത്തേക്ക് കയറിയത്... വാതില്‍പൊളി മുറിക്കകത്തെ ഇരുട്ടിനെ മറക്കും വരെയും അവളെന്തൊക്കെയോ അവ്യക്തമാം വിധം പുലമ്പുന്നുണ്ടായിരുന്നു... ഒരു പക്ഷെ... തന്നെ ക്രൂരമായി വേട്ടയാടിയ വിധിയെ ശപിക്കുകയായിരുന്നിരിക്കണം... വിധി...!!! രേണുവിനെ സംബന്ധിച്ചിടത്തോളം കഴിച്ചു തീരാത്ത അനുഭവങ്ങളുടെ കൈപുനീരുള്ള കഷായം...!!!


ഉറക്കത്തെ തിരഞ്ഞാണ് അവളുടെ കണ്ണുകള്‍ ജനാലക്കരികിലേക്ക് നീണ്ടത്... കാഴ്ച കയറിപ്പിടിക്കാന്‍ ശ്രമിച്ച്ചിട്ടും തെന്നിനീങ്ങുന്ന മേഘങ്ങളുടെ മറവില്‍   മടിപിടിച്ച് നിന്ന ചന്ദ്രന്‍ പിടിതരാതിരുന്നത് കൊണ്ടാവാം അകക്കണ്ണ് ഓര്‍മ്മകള്‍ക്ക് പിറകെ വീണ്ടുമൊരോട്ട പ്രദക്ഷിണത്തിനൊരുങ്ങിയത്...

Jun 2, 2012

"...ശുദ്ധനുമായി രഹസ്യങ്ങൾ പങ്കുവെക്കരുത്‌... എന്തെന്നാൽ
പരസ്യമായ കുമ്പസാരത്താലവൻ വിശുദ്ധനായേക്കാം....."

Jun 1, 2012

"...മുന്നറിയിപ്പുകള്‍ ഒന്നും ഉറപ്പുകള്‍ അല്ല... അവ,
ലഭ്യമായ 
സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങള്‍ മാത്രം..."

May 17, 2012

കടപ്പാടിന്റെ മൗനം

പ്രകൃതിയുടെ രൗദ്രത കൊടിയേറി ഇരുളുന്ന
കാര്‍മേഘ  നിപുഡമാം ആകാശം പോല്‍
നിന്‍ മിഴികളിലും വദനത്തിലും
മിന്നിമറയുന്നു ഭാവങ്ങള്‍ പലതും...

നിന്റെ സ്വപ്നങ്ങളുറങ്ങുന്ന കണ്‍കളില്‍
വായിച്ചു ഞാന്‍ കൊച്ചു പരിഭവത്തിന്‍ ചീള്‍
വാടിക്കരിഞ്ഞ നിന്‍ വദനത്തില്‍ കണ്ടു ഞാന്‍
നൈരാശ്യത്തിന്‍ മഴക്കാറുകള്‍ ...

പിടയുന്ന നെഞ്ചകമൊളിപ്പിച്ചു വെച്ചൊന്നു
ചാരുവാനൊരു തൂണ്‍ പൊലുമില്ലാത്തെനിക്കു
താങ്ങായ് ബലമുള്ളോരു ശക്തി നീയെന്ന
പ്രചോദനം മാത്രമല്ലേ...?

ദു:ഖങ്ങള്‍ മാത്രം ജീവിതം സമ്മാനിച്ച  മുഹൂര്‍ത്തങ്ങള്‍
പലതിലും ഞാനെന്റെ മനസ്സിന്റെ തുരുമ്പിച്ച
വാതായനങ്ങള്‍ തുറന്നു ചിതലരിച്ച കൂടാരത്തില്‍ തളച്ചിട്ട
ദുഃഖങ്ങള്‍ ഓരോന്നും ചികഞ്ഞു പെറുക്കിക്കൂട്ടി,
നിന്‍ കാല്‍ക്കല്‍ സമര്‍പ്പിക്കുമ്പോള്‍ പകപ്പാര്‍ന്ന
മനസ്സില്‍ ഹിമകണം പോല്‍ നിന്‍ വാക്കുകള്‍ ...

അതിജീവിക്കുക ; എല്ലാ പ്രതിബന്ധങ്ങളെയും
മുന്നേറുക ; എല്ലാ കടമ്പകളും കടന്ന്...
ആയിരം കുതിര ശക്തിയെക്കാള്‍ നിന്‍ 
വാക്കുകളെന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു...
കടപ്പാടുകള്‍ കൊണ്ടെന്നെ ബന്ധിതനാക്കിയ
ഈ സ്നേഹത്തിന്‍ മുമ്പിലര്‍പ്പിക്കാനിനി
നീര്‍ക്കുമിള പോലുള്ള ജീവന്റെ തുടിപ്പ് മാത്രം...

May 7, 2012

മരണത്തെയല്ല ; ജീവിതത്തെ ഭയപ്പെടുക

"...സ്വര്‍ഗ്ഗം ആഗ്രഹിക്കുമ്പോഴും മരിക്കാന്‍ ഭയക്കുന്നു മനുഷ്യര്‍ ഏറെയും... എന്നിട്ടും മരണത്തെ സ്വയം വരിക്കുന്നവര്‍ സമൂഹത്തിനു മുമ്പില്‍ ചങ്കൂറ്റം ഉള്ളവരല്ല ; ഭീരുക്കള്‍ ആണ്... ആ കാഴ്ചപ്പാടില്‍ നിന്നുമാണ് തിരിച്ചറിവ് ഉണ്ടായത്... അല്ലെങ്കില്‍ ഉണ്ടാവേണ്ടത്... 

"...ഭയപ്പെടേണ്ടത് മരണത്തെയല്ല... ജീവിതത്തെയാണ്..." അതെ... "...ജീവിതം ആണ് സഞ്ചാരം... മരണമെന്നത് എവിടെ നിന്നെന്നറിയാതെ നമ്മിലേക്കെത്തുന്ന, നാം സ്വീകരിക്കേണ്ട അതിഥി മാത്രമാണ്..."

.........സക്രു.......

May 6, 2012

ശരിതെറ്റുകള്‍

"...ശരികള്‍ക്ക്‌ മാനദണ്ഡം നിര്‍ണ്ണയിക്കപ്പെട്ടത്‌ കൊണ്ടാണ് തെറ്റുകള്‍ അധികരിച്ചത്...

വിജയത്തിനു മാനദണ്ഡം നിര്‍ണ്ണയിക്കപ്പെട്ടത്‌ കൊണ്ടാണ് തോവികള്‍ വര്‍ദ്ധിച്ചത്..."

..........സക്രു.........

May 5, 2012

മാനദണ്ഡം

"...ശരികള്‍ക്ക്‌ മാനദണ്ഡം നിര്‍ണ്ണയിക്കപ്പെട്ടത്‌ കൊണ്ടാണ് തെറ്റുകള്‍ അധികരിച്ചത്...

വിജയത്തിനു മാനദണ്ഡം നിര്‍ണ്ണയിക്കപ്പെട്ടത്‌ കൊണ്ടാണ് തോവികള്‍ വര്‍ദ്ധിച്ചത്..."..........സക്രു.........

May 4, 2012


"...വിശപ്പ്‌ കൊണ്ട് നടു വളഞ്ഞാലും... വിഴുപ്പു കൊണ്ട് നടു വളയാതിരിക്കട്ടെ..;
വിനയം കൊണ്ട് സേവകനായാലും... വിധേയത്വം കൊണ്ട് അടിമയാകരുത്..."

.....................സക്രു.............

May 3, 2012


"...വെളിച്ചത്തിലിരുന്നു കണ്ണടച്ചു നമുക്കിരുട്ടാക്കാം... എന്നാല്‍
ഇരുട്ടില്‍ നിന്ന് കണ്ണ് തുറന്നാല്‍ വെളിച്ചം കിട്ടണമെന്നില്ല..."

.............സക്രു..........

പക്വതയും ആത്മധൈര്യവും


"...പ്രായക്കൂടുതല്‍ കൊണ്ട് മാത്രമൊരാളുമിന്നുവരെ പക്വതയുള്ളവനായിട്ടില്ല...
ആറടിയുയരമുള്ളത് കൊണ്ട് മാത്രമൊരാള്‍ക്കും ആത്മധൈര്യം ഉണ്ടായിട്ടുമില്ല..."

...........സക്രു...........

May 2, 2012

നേര്


"...നന്മയെ കണ്ടെത്താന്‍ തിന്മക്കെതിരില്‍ നടക്കുക... എന്തെന്നാല്‍ ...സമാന്തര രേഖകള്‍ ഒരുകാലത്തും കൂട്ടിമുട്ടിയിട്ടില്ല; ഇനി മുട്ടുകയുമില്ല..."

........സക്രു...........

ശത്രു


"...വീട്ടില്‍ വരുന്നവരൊക്കെയും വിരുന്നുകാരല്ലയെങ്കില്‍
എതിരെ വരുന്നവരൊക്കെയും എതിരാളികളും ആകില്ല..."

..........സക്രു..........

May 1, 2012


"...നിലത്തിരുന്നു ഉണ്ണുന്നവനേ തന്റെ കാലെത്ര മടങ്ങുമെന്നത് നന്നായറിയൂ..."

.......സക്രു........

Apr 30, 2012

കേമത്തം

"സുഹൃത്തേ... നിന്റെ കാഴ്ചപ്പാടില്‍ നീ കേമനാണ്... പക്ഷെ... മറ്റുള്ളവര്‍ ..അത് അംഗീകരിക്കാത്തത്... അവരുടെ കാഴ്ചപ്പാടിലെ കുഴപ്പം കൊണ്ടാണ്..."


..................സക്രു........

Apr 29, 2012

ഞാനാണ് ശരി...!..?

"...ഞാനെന്റെ കൈ പൊക്കുന്നത്... ഒരിക്കലും എന്നെ തല്ലാനാവില്ല...
ഞാനെന്റെ വിരല്‍ ചൂണ്ടുന്നത്... ഒരിക്കലും എനിക്ക് നേരെയായാവില്ല...

കാരണം... ഞാനാണ് ശരി... ഈ ലോകത്ത് ഞാന്‍ മാത്രമാണ് ശരി..."

..................സക്രു.........

Apr 28, 2012

ഭാഗ്യം

"...ഭാഗ്യമുള്ള കുറ്റവാളിക്കേ പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം ലഭിക്കുകയൊള്ളൂ..."


........സക്രു......

Apr 27, 2012

കൊയ്ത്തുകാലം

കനല്‍പാടത്തിത് 
വിളവെടുപ്പിന്റെ കാലം...
കണ്ണീര്‍ മഴക്കും മുമ്പേ-
യുള്ള കൊയ്ത്തുകാലം...

കല്‍ത്തറ കെട്ടി കറ്റ 
മെതിച്ചൊരു മുറപ്പായി
കൊണ്ട് കാറ്റ് വിതച്ചു നെല്ല്
കുമിഞ്ഞു കൂട്ടുമൊരു കാലം...

കലത്തില്‍ നിറച്ചു വെച്ച
വെള്ളത്തില്‍ കയ്യിട്ടിളക്കി
മുകളിലൂറും പതിര് മാറ്റി
നെല്ല് പുഴുങ്ങുമൊരു കാലം...

Apr 26, 2012

തീമഴ.!!!

വെള്ളരിപ്രാവിന്‍ 
ദ്രംഷ്ട നീണ്ടു വന്നു...
ഇറ്റിറ്റു വീഴുന്ന നിണം 
പറ്റിപ്പിടിച്ചു വെണ്മ
ചെഞ്ചായമണിഞ്ഞു...

കഴുകന്റെ കണ്ണില്‍
ദയനീയതയുടെ 
നിഴലാട്ടം കണ്ട്
വിറളിപൂണ്ട വാനത്തില്‍
കാര്‍മേഘം ഇരുണ്ടു...

മഴക്കായി കൊതിച്ച
വേഴാമ്പലിനെ വരവേറ്റത്
മീനത്തിലെ ചൂടും
ഇടവത്തിലെ പേമാരിയും
ഒരുമിച്ചായിരുന്നു...

അതെ... തീമഴ പെയ്തു...
തീണ്ടായ്കയുടെ തീമഴ...!!!

Apr 25, 2012

പൊള്ളുന്ന നേര്..!!!

പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീണപ്പോള്‍
യാഥാര്‍ത്ഥ്യം പരിപൂര്‍ണ്ണ വിവസ്ത്രയായി...

നഗ്നമാം നേരിന്റെ നിഷ്കളങ്കതയെ-
യാരൊക്കെയോ ചേര്‍ന്ന് പീഡിപ്പിച്ചു...
ചാരിത്ര്യം നഷ്ടപ്പെട്ട സത്യം ഇരുട്ടിന്റെ 
മറവിലെവിടെയോയിരുന്നു തേങ്ങിക്കരയുന്നു... 

Apr 24, 2012

ഓര്‍മ്മ

"...ഏതൊന്നിനെ കുറിച്ച് നിങ്ങള്‍ ഓര്‍ക്കരുതെന്നു കരുതുന്നുവോ ആ
നിമിഷത്തിലും നിങ്ങള്‍ ഓര്‍ക്കുന്നത് അതിനെ കുറിച്ച് തന്നെയാണ്..."

................സക്രു..........

Apr 23, 2012

പൊയ്മുഖം...

കഴുകന്റെ മാറാണ്
നിന്നെ മുലയൂട്ടിയത്
കാപട്യത്തിന്റെ മുറ്റത്താണ്
നീ പിച്ചവെച്ചത്... 
ചപലതയുടെ തൊട്ടിലിലാണ്
നീ ഊഞ്ഞാല്‍ ആടിയത്...

Apr 22, 2012

നീയും നിന്റെ നിഴലും...

കിഴക്ക് നിന്നും പടിഞ്ഞാറിനെ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ , അല്ലെങ്കില്‍ ഒഴുക്കിനനുസൃതമായി നീ നീന്തിത്തുടിക്കുമ്പോള്‍ ... നിനക്ക് പിറകില്‍ നിന്നും സൂര്യന്‍ നിന്റെ മുമ്പിലെക്കൊരു നിഴലിനെ നല്‍കും... വഴികാട്ടിയാകുന്ന ആ നിഴലിനു പിറകെ നിന്റെ കന്തികമായ സഞ്ചാരത്തില്‍ നിങ്ങള്‍ക്കിടയിലെ ദൂരം കുറഞ്ഞു വരുമ്പോള്‍ വെയിലിനു ശക്തി കൂടും... അത് ഉച്ചാസ്ഥിയില്‍ എത്തി നില്‍ക്കുമ്പോള്‍ നിഴല്‍ നിന്നില്‍ ലയിച്ചു തീരും... വെയിലേറ്റു നീ തളര്‍ന്നും...

തളര്‍ച്ചയില്‍ നിന്നും എണീറ്റ്‌ നോക്കുമ്പോള്‍ കത്തിയെരിഞ്ഞ സൂര്യന്‍ നിനക്ക് മുമ്പിലും പിറകിലായി നിഴലും സ്ഥാനം പിടിക്കും... നിന്നെ പിന്തുടര്‍ന്ന്... നിനക്കൊരിക്കലും ഭാരമാവാതെ... നിന്റെ അനുവാദം കൂടാതെ... സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എത്തുമ്പോഴേക്കും നിന്റെ ഇരട്ടിയിലധികം ദൂരത്തില്‍ നിഴല്‍ മങ്ങി നില്‍ക്കും...ഇരുള്‍ വീണു തുടങ്ങിയാല്‍ ചന്ദ്രനുമോത്ത് നീ സന്ധ്യ പങ്കിടുമ്പോള്‍ സൂര്യനുമോത്ത് നിന്റെ നിഴല്‍ ഇഴുകിചേര്‍ന്നിട്ടുണ്ടാകും... പരസ്പരം അറിയാതെയും കാണാതെയും... ഇരുട്ടിനു പിറകില്‍ നിശബ്ദതയുടെ തടവറയില്‍ ഒരു തേങ്ങലായി...

Apr 21, 2012

കണ്ണീരിൻ രുചി

"...കണ്ണീരിൻ രുചിയെപ്പോഴും ഉപ്പുരസമായിരിക്കും...ഒരുപക്ഷേ... കരയുന്നത്‌ ആനന്ദത്തോടെയാണെങ്കിൽ പോലും..."

...........സക്രു........

Apr 20, 2012

ഇടനാഴി...!!!

അവകാശത്തര്‍ക്കം അന്നൊക്കെ
അതിരില്‍ അയല്‍വസിയോടായിരുന്നു... 
ഇന്നോ...
അടുക്കളയിലെ ചക്കൊളത്തി പോരില്‍
വരെ എത്തി നില്‍ക്കുന്നു... 
നാളെ...
മട്ടുംപുറത്ത് അരമനയില്‍ ഇരുന്നു കേള്‍ക്കാം... 
ബലിക്കാക്ക പറന്നകലുന്ന ശബ്ദം..

Apr 19, 2012

മുഖചിത്രം

"...ചലിക്കാത്ത മുഖചിത്രങ്ങള്‍ ഇവിടെ ചാലകങ്ങള്‍ ആകുന്നു...
ചലിക്കുന്ന ഹൃദയത്തോളം എത്താനുള്ളൊരു വഴികാട്ടിയായി..."
...................സക്രു..........

Apr 17, 2012

"...അപരന് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാല് വിരലുകള്‍ മറക്കുവാന്‍ ശ്രമിക്കുന്നത് സ്വന്തം ഉള്ളം കയ്യിലെ തെറ്റിനെയാണ്...."

....................സക്രു..............

Apr 14, 2012

തര്‍ക്കം

"...ഉന്നതങ്ങളില്‍ അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി ചരട് വലികള്‍ നടക്കുമ്പോഴും...  തെരുവോരങ്ങളില്‍ അതിജീവനത്തിന്റെ റൊട്ടിക്കഷ്ണത്തിനായി പിടിവലികള്‍ നടക്കുകയാണ്..."

.....നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും.......
..........സക്രു........

Apr 11, 2012

വിജയം = പരിശ്രമം

"...വിജയത്തിന്റെ കുഞ്ഞു പിറക്കുന്ന ആനന്ദ ദിവസത്തിനും മുമ്പേ...
പരിശ്രമത്തിന്റെ ഗര്‍ഭകാലത്തിന്‍ കയ്പുനീര്‍ അനുഭവിച്ചേ തീരൂ.."

..........................സക്രു.............

Apr 10, 2012

ചിന്തയുടെ അവസരം

"...ഉണര്‍ന്നിരിക്കുന്നവന് ഉറക്കത്തെ കുറിച്ച് ചിന്തിക്കാം.; പക്ഷെ...
ഉറങ്ങിക്കിടക്കുന്നവന് ഉണര്‍വ്വിനെക്കുറിച്ച് ചിന്തിക്കുവാനാവില്ല..."

.........................................സക്രു.........

Apr 5, 2012

ഫെബ്രുവരിയോട് എന്തിനീ അവഗണന...? ഒരു അന്യായ വീതം വെപ്പ്.....!!!

ലോകം അംഗീകരിച്ചതും ബഹുഭൂരിപക്ഷം പേരും പിന്തുടരുന്നതുമായ ഗ്രിഗോറിയൻ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവർഷങ്ങളിൽ 29 ദിവസവും അല്ലാത്തെ വർഷങ്ങളിൽ 28 ദിവസവും മാത്രം നല്‍കി എന്തിനു ഫെബ്രുവരിയെ അവഗണിച്ചു...?

365.25 ദിവസമുള്ള വര്‍ഷത്തെ മാസങ്ങളായി വീതം വെച്ചപ്പോള്‍ മറ്റെല്ലാ മാസങ്ങള്‍ക്കും മുപ്പതോ മുപ്പത്തി ഒന്നോ ലഭിച്ചപ്പോള്‍ ഫെബ്രുവരിക്ക് മാത്രം 28 ഉം നാല് കൊല്ലം കൂടുമ്പോള്‍ ഔദാര്യം പോലെ കിട്ടുന്ന ഒരു ദിവസവും കൂട്ടി 29 ഉം നല്‍കി അവഹേളിക്കാന്‍ മാത്രം ഈ മാസം ചെയ്ത് അപരാധം എന്താണ്..? തറവാട്ടില്‍ പിറന്നതല്ലേ ...?
മാന്യമായ വിഹിതം ഈ മാസത്തിനു നിഷേധിച്ചത് ആര്..?
എന്തിന്റെ പേരില്‍ ...?
അതോ...
 മാസങ്ങള്‍ക്കിടയിലും പിന്നോക്ക ജാതിയുണ്ടോ... ?
സംശയങ്ങള്‍ ചോദ്യങ്ങളായി ഉയരുന്നു...
നിങ്ങള്‍ക്ക് എന്ത് തോന്നുന്നു..?

Apr 2, 2012

രൂപം

‎"...ഏതു കാലാവസ്ഥയിലും കോരിയെടുക്കുന്ന വെള്ളത്തിനത്
എടുക്കുവാനുപയോഗിക്കുന്ന പാത്രത്തിന്റെ രൂപമായിരിക്കും...


...............................സക്രു..........

അതിഥി

ഭൂമിയില്‍ ...
ക്ഷണികമാമീ ജീവിതത്തിനു
ക്ഷണം സ്വീകരിചെത്തിയ
അതിഥി ഞാന്‍ ...
വിളമ്പി വെച്ച സമൃദ്ധമാം 
വിഭവങ്ങള്‍ക്ക് മീതെ...
വിളവിറക്കിയ കര്‍ഷകന്റെ 
വിയര്‍പ്പിന്‍ ഗന്ധം വമിച്ചപ്പോള്‍ 
ഉള്ളിലൂറിയോരുപ്പുരസം
ഉമിനീരായിറക്കി
ഞാന്‍ തിരിച്ചു നടന്നു...

വിയര്‍ത്തവന്റെ 
വിശപ്പിനെയവഗണിച്ചു
വിരുന്നുകാരന് 
നല്‍കുന്നയാതിഥ്യമര്യാദയോടന്നു
തൊട്ടെനിക്ക്
പുച്ഛമാണ്...
ഇനിയുമോരതിഥിയുടെ 
വേഷം കെട്ടാനില്ല ഞാന്‍ ...

Apr 1, 2012

മടി = കണ്ടുപിടുത്തങ്ങള്‍

‎"...ഇന്നലെവരെയുള്ള കണ്ടുപിടുത്തങ്ങള്‍ ആണ്   
മനുഷ്യനിലിന്നു കാണുന്ന മടിയുടെ മുഖ്യകാരണം..."

.....................................സക്രു.......

Mar 26, 2012

അവസരം

‎"...കണ്ടറിയുന്നവന് കടലോളം വെള്ളം...
കൊണ്ടറിയുന്നവന് കവിളോളം വെള്ളം..."

.......................സക്രു.......

1000...!!!

മണ്ണിന്റെ മണമുള്ള ശീതക്കാറ്റു വിട്ടു മരുഭൂമിയുടെ പൊടിക്കാറ്റിന്റെ തലോടല്‍ ഏറ്റുവാങ്ങുന്ന പ്രവാസ ജീവിതത്തിനിന്നു നാലക്കത്തിന്റെ വളര്‍ച്ച... കൊണ്ക്രീട്ടു മരച്ചില്ലയില്‍ എണ്ണമറ്റ പൊത്തുകളില്‍ ഒന്നില്‍ കൃത്രിമക്കാറ്റാടി യന്ത്രത്തിന്റെ മൂളലും കേട്ട് നാല് ചുവരുകള്‍ക്കുള്ളില്‍ നാളിന്റെ ഭൂരിപക്ഷം ചിലവഴിക്കുമ്പോഴും ഓര്‍മ്മയില്‍ മിന്നിമറയുന്നത് പഞ്ചാരമണല്‍ തിട്ടുകള്‍ നിറഞ്ഞ മണപ്പുറവും സ്വര്‍ണ്ണ നിറമുള്ള നെല്ക്കതിരുള്ള നെല്‍പ്പാടങ്ങളും തന്നെയാണ്... 

അതെ... ആ ഓര്‍മ്മകളുറങ്ങുന്ന നാട് കാണാമറയത്തായ ഈ പ്രവാസത്തില്‍ ഞാന്‍ പിന്നിട്ടത് ഇന്നേക്ക് 1000 നാള്‍ .. ഇനിയുമെത്ര ആയിരം നാളുകള്‍ ..? 

Mar 25, 2012

യാചകി.


കണ്ണടച്ച് ഇരുട്ടാക്കുവാനുള്ള പാഴ്ശ്രമത്തില്‍
കൂരിരുട്ടിനെയും തുളച്ചു വരുന്ന യാചകിയുടെ
വിശപ്പിന്റെ ദൈന്യത ഞാന്‍ കാണുന്നു...
കറി വെക്കാന്‍ ഇഷ്ടവിഭവം തേടി
കവലയില്‍ ഇറങ്ങിയ നേരത്ത്
കാലില്‍ ഇഴഞ്ഞതെന്തെന്നു നോക്കവേ
കണ്ടതൊരു പട്ടിണിക്കോലം മാത്രമായിരുന്നു...

ഒട്ടിയവയറു നിറക്കാനായിരുന്നില്ലവള്‍
പിന്നെയോ...
ശോഷിച്ച മാറിടത്തില്‍ നിന്നുമിത്തിരി
പാലിനായി കരയുന്ന കുഞ്ഞിന്റെ വായില്‍
തിരുകിയ തുണിക്കഷ്ണം എടുക്കാനായിരുന്നു...
കണ്ടിട്ടും കാല്‍ വലിച്ചു പോരുമ്പോള്‍
മനസ്സ് മന്ത്രിക്കുകയായിരുന്നു...
 
കണ്ടതൊന്നും തന്നെ 
കാഴ്ച്ചയായിരുന്നില്ല...
കാണാക്കാഴ്ച്ചകളിനിയുമേറെ
നീ കാണാനിരിക്കുന്നു...