Nov 22, 2012

വൃശ്ചികം..! ഒരോര്‍മ്മ കുറിപ്പ്


ഇത് വൃശ്ചികം... മഞ്ഞു വീണലിഞ്ഞ രാത്രി നേരെമേറെ പുലരുവോളം നമ്മെ പുതപ്പിനുള്ളില്‍ തളച്ചിടുന്ന കാലം... സൂര്യനുണര്‍ന്നാലും ഇടവഴിയിലെ പുല്‍ത്തകിടില്‍ ഒളിച്ചിരിക്കുന്ന ജലകണികകള്‍ കാമുകിയെ പോലെ കാല്‍പാദത്തില്‍ ചുംബിക്കുന്ന കുളിരുള്ള പ്രഭാതങ്ങള്‍ ... 

മറവിയെന്ന പായല്‍ പിടിച്ച ഓര്‍മ്മക്കുളത്തില്‍ ആരോ എറിഞ്ഞൊരു കല്ല്‌ ചീളാല്‍ വ്യക്തമാകുന്ന തെളിനീരില്‍ ഭൂതകാലത്തിന്റെ സ്മരണകള്‍ പതിയെ പതിയെ തെളിഞ്ഞു വരുന്നുണ്ട്...

പല്ലുകള്‍ കൂട്ടിയിടിക്കുമാറു കോച്ചിപ്പിടിക്കുന്ന തണുപ്പിനെ അവഗണിച്ചു, പുഴയിലേക്ക് കുളിക്കാനായ് പോകുകയും കുളി കഴിഞ്ഞു വരികയും ചെയ്യുന്ന ഹൈന്ദവ ഭക്തരുടെ,.. മടിച്ചിരിക്കുന്ന പുലരിയെ വിളിച്ചുണര്‍ത്താനെന്നോണം ഉച്ചത്തിലുള്ള അയ്യപ്പവിളികളുടെ ശബ്ദം കേട്ടുകൊണ്ടുണരുന്ന ഉമ്മ, അടുക്കളവാതിലിന്റെ ഓടാമ്പല്‍ വലിച്ചു തുറക്കുന്ന ശബ്ദം തലവരെ മൂടിപ്പുതച്ച പുതപ്പിനുള്ളില്‍ കിടന്നു കേള്‍ക്കുമായിരുന്നു... എന്നിട്ടും ഇമകള്‍ ഇറുക്കിയടച്ചു വീണ്ടും ഉറക്കത്തെ കാത്തിരിക്കും..

തണുപ്പരിച്ചിറങ്ങുന്ന ദ്വാരം ഇരുട്ടില്‍ തപ്പി അവിടേക്ക് പുതപ്പു വലിച്ചു നീട്ടാനൊരു പാഴ്ശ്രമം നടത്തും... അപ്പോഴേക്കും അനിയന്‍ പുതപ്പ് അവന്റെ മേലേക്ക് വലിക്കും... ദ്വന്ത യുദ്ധങ്ങള്‍ക്കൊടുവില്‍ പുതപ്പിന്റെ പപ്പാതിക്ക് സന്ധിയാകും... പിന്നെ... തനിക്കു കിട്ടിയ പാതി അവകാശത്തില്‍ ചേരട്ടയെ പോലെ ഒന്ന് കൂടി ചുരുണ്ട് കൂടി കുറച്ചു നേരം കൂടി കിടക്കുമ്പോഴേക്കും അടുക്കളയില്‍ നിന്നും ഉമ്മയുടെ വിളി വരും...

"...മാനേ... ണീറ്റ് നിസ്കരിച്ചാന്‍ നോക്കിനെടാ..."

ആരെയൊക്കെയോ പ്രാകി പറഞ്ഞ് കൈകള്‍ കൊണ്ട് നെഞ്ചത്ത് ഗുണനം വരച്ച് അടുക്കളയില്‍ വന്നു അടുപ്പിനരികിലിരുന്നു ചൂട് കായുമ്പോഴേക്കും ഉമിക്കരി എടുത്ത് കയ്യില്‍ ഇട്ടു തന്നു പല്ല് തേച്ചു വരാന്‍ ഉമ്മ പറയും... 

മടിച്ചു മടിച്ചു കിണ്ടിയെടുത്ത് കയ്യിലേക്ക് വെള്ളമോഴിക്കുമ്പോഴേക്കും അസഹനീയ തണുപ്പിനാല്‍ "അള്ളോ.." ന്നൊരു വിളി വരും... കഴുത്തറുത്തിട്ട കോഴി പെടക്കുന്ന പോലൊരു പെടച്ചിലില്‍ പല്ലുതേപ്പും വുളു എടുക്കലും കഴിയും... നിസ്കരിച്ചു വരുമ്പോഴേക്കും കട്ടന്‍ ചായ റെഡി ആയിട്ടുണ്ടാകും...!

അടുപ്പിനരികില്‍ തന്നെ ഇരുന്നു, ആ ചായ മൊത്തി മൊത്തി കുടിക്കുന്നതിനിടയില്‍ ഉമ്മ പറയും...

"...കണ്ണനും പ്രവീണുമൊക്കെ മലക്ക് പോകാന്‍ കുളിക്കാനായ്‌ വരുണോണ്ടാണ്... ഇങ്ങക്ക് സുബുഹ് ഖളാഹ് ആകാതെ കിട്ടണത്..."

"ഹ..ഹാ... തണുപ്പത്ത് ഞമ്മള്‍ നീച്ചു വന്നതും പോരാ... അയിന്റെ ക്രെഡിറ്റ് ഒക്കെ ഓല്‍ക്കും... പെസ്റ്റ് ഉമ്മ..." അനുജന്റെ പരാതി...

" അല്ലാതെ പിന്നെ... എത്ര വട്ടം വിളിചാലാ ഇങ്ങളൊന്ന് നീച്ചല്‍ ..?" ഉമ്മയുടെ വാദം... ന്യായം...!

അടുക്കളയെന്ന കോടതി മുറിയില്‍ നിന്നും ഉമ്മയോട് വാദിച്ചു ജയിക്കില്ലെന്ന് ബോധ്യമായതോടെ തലകുനിച്ചു ഞങ്ങള്‍ ഇടവഴിയിലേക്ക് ഇറങ്ങി...!

ചെമ്മല (കൊഴിഞ്ഞു വീണ ഇലകളും മറ്റും) അടിച്ചു വാരി പെറുക്കുന്നവര്‍ ഇടവഴി വൃത്തിയാക്കല്‍ തുടങ്ങിരിക്കുന്നു... അവരുടെയെല്ലാം കൈവശം കയറു കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക ഇനം ചാക്കുകള്‍ കാണും...

അനിയന്‍ അതില്‍ കയറി ചാടി ചാടി ചപ്പിച്ചു കൊടുക്കും... അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ ചെമ്മല അതില്‍ നിറയ്ക്കാനാവും... അപരനു ഉപകാരമുള്ള ആ കുസൃതി ഒന്ന് രണ്ടു വട്ടം ചെയ്യുമ്പോഴേക്കും ഇടവഴി ചെത്തിന്‍മേല്‍ (റോഡില്‍ ) കൂട്ടിമുട്ടും...

അബ്ദുക്ക തന്റെ പലചരക്ക് കടയുടെ നിരപ്പലക ഒന്നൊന്നായി എടുത്തു ചാരി വെക്കുന്നതേ ഒള്ളൂ... ഞങ്ങളെ കണ്ടതും അബ്ദുക്ക ചോദിച്ചു...

"മദ്രസയൊന്നും ഇല്ലാത്ത ഇന്നെവിടെക്കാ രണ്ടാളും കൂടി ഇത്ര നേരത്തേ..? "

"വെറുതെ പോന്നതാ... പേപ്പര്‍ വായിക്കേം ചെയ്യാലോ ന്നു വെച്ച്..." അപ്പോള്‍ വായില്‍ വന്നത് പോലെ പറഞ്ഞു...

ഉണ്ണിയേട്ടന്റെ ചായക്കടയില്‍ നല്ല തിരക്കുണ്ട്‌..,.. കടയുടെ ഉമ്മറത്ത് ഒന്നിലധികം തൂമ്പ ചാരി വെച്ചത് കണ്ടു അനിയന്‍ ചോദിച്ചു...
"കാക്കൂ... കുറെ കൈക്കോട്ടുകള്‍ അവിടെ ഇരിക്കുന്നുണ്ടല്ലോ.. ഇന്നെന്താ സേവന വാരം തുടങ്ങുകയോ മറ്റോ ആണോ...? "

"അല്ലേടാ... തോട്ടം കിളക്കാന്‍ പോകുന്ന പണിക്കാര്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ പുറത്തു വെച്ചതാവും..." ന്നൊരു മറുപടി ഞാനും കൊടുത്തു...

(തുടരും...)

7 comments:

  1. Nov 22, 2012...
    (തുടരും...)..
    ആ തൂമ്പകൾ ചായക്കടക്കു പുറത്തിരുന്നു തുരുമ്പെടുത്തിട്ടുണ്ടാകും.. എത്ര കാലമായി അതുകളെ അവിടെ ഇട്ടിട്ട്..!! :P

    ReplyDelete
    Replies
    1. കാലം കരുതിവെച്ചത് ഓർമ്മയുടെ താളുകളിൽ മായാതെ കിടക്കുന്നുണ്ട്... അക്ഷരമാക്കി മാറ്റാൻ മടി തന്നെ...! എങ്കിലും നിങ്ങൾ...? ഓർമ്മയുടെ പായൽ പിടിച്ച കുളത്തിലേക്ക് ഒരു കല്ലെടുത്ത് എറിഞ്ഞു പോകുന്ന നിങ്ങൾ ആരാണ്..?

      Delete
    2. അനോനിമസ് ആണെന്നു തന്നെ കരുതിക്കോളൂ.. സ്വയം വെളിപ്പെടുത്താൻ ഇത്തിരി മടിയുള്ള ഒരു അജ്ഞാത..
      എഴുത്തു തുടരുക.. എല്ലാ ഭാവുകങ്ങളും.. :)

      Delete