Nov 21, 2012

വായനക്കാരിയുടെ കണ്ണില്‍ ...


പ്രിയനേ... എഴുത്തുകാരാ...
അകലങ്ങളില്‍ എവിടെയോ ആണ് നീ... എന്നിരുന്നാലും നിന്റെ അക്ഷരങ്ങള്‍ എന്നെ തേടി വരുന്നുണ്ട്... അക്ഷരങ്ങളുടെ ലോകത്ത് നീ ഇന്നും അലസനാണെന്നതില്‍ വിഷമം തോന്നാറുണ്ടെങ്കിലും... ഇടക്കിടക്കുള്ള ആളിക്കത്തലുകള്‍ , അണയാത്ത തീ നാളം നിന്നിലിന്നും അവശേഷിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു...

ഉമിത്തീ പോലെരിയുന്ന നിന്റെ തീക്കനലുകളെ ആളിക്കത്തിക്കാന്‍ കാറ്റായ് അവതാരമെടുക്കുന്നത് ആരാണ് എന്നൊരു ചോദ്യം എന്നില്‍ ഉരുത്തിരിയാറുണ്ട് പലപ്പോഴും... ഉത്തരം കണ്ടെത്തുന്നതില്‍ പരാജിതയാവുമ്പോള്‍ ഭൂതകാലത്തിലേക്ക് ആ ചോദ്യമൊരു ചൂണ്ടയെറിയും...

പണ്ടും നീ അങ്ങിനെ ആയിരുന്നല്ലോ... ഇനിയൊരിക്കലും നിന്റെ എഴുത്തുണ്ടാവില്ലെന്ന തോന്നല്‍ ഉളവായി തുടങ്ങുന്ന നിമിഷങ്ങളില്‍ നീ ശക്തമായ ഒരു പ്രമേയം എഴുതിക്കൊണ്ട്... എന്റെ, എന്നെ പോലെ നിന്റെ അക്ഷരങ്ങള്‍ക്കായ് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ അക്ഷരമഴയൊരുക്കും നീ... വായനയുടെ ലോകത്ത്, വരള്‍ച്ചയുടെ മീനമാസ ചൂടില്‍ വിണ്ടു കീറിയ ഹൃത്തടങ്ങളില്‍ കുളിരായ് മാറ്റുവാന്‍ പ്രാപ്തമായൊരു മഴ...! അത്തരമൊരു മഴയില്‍ നനഞ്ഞു കുതിര്‍ന്നവളുടെ മയിലാട്ടം മാത്രമാണീ കത്തിനാധാരം...

നിന്റെ അക്ഷരങ്ങളെ പ്രണയിച്ചവളെന്ന നിലയില്‍ ... ഒരു കാമുകിയുടെതായ സങ്കല്‍പ്പങ്ങളും പരാതികളും പരിഭവങ്ങളും സംശയങ്ങളും നിര്‍ദേശങ്ങളും ഒക്കെ സ്വന്തമായുള്ളവളാണ് ഞാന്‍ ... അത് നിന്നോട് പങ്കുവെക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവളും...നിന്റെ വരികളില്‍ നിന്നും പ്രണയം ഇറങ്ങി പോയിട്ടെത്ര നാളായി...? എന്ത് കൊണ്ടാണ് നിന്റെ അക്ഷരങ്ങളില്‍ നിന്നും പ്രണയത്തെ പടിയിറക്കി വിട്ടു പിണ്ഡം വെച്ചത്...? തൊട്ടുതീണ്ടായ്കയുടെ ജ്വരം നിന്നെയും ബാധിച്ചുവോ..?

കാലഘട്ടത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളിലെ അര്‍ത്ഥശൂന്യമായ പ്രണയങ്ങള്‍ നീ പറഞ്ഞു തുടങ്ങി അവസാനിപ്പിക്കുമ്പോഴേക്കും ആ പ്രണയവും അവസാനിക്കുമോയെന്ന ഭയമാണോ നിന്നെ പ്രണയാക്ഷരങ്ങളെ തൊട്ടു പിന്‍വലിക്കുന്നത്...

അതോ... നിന്നെ വിട്ടു പോയ പ്രണയിനിയുടെ വിരഹത്താല്‍ നിന്നിലെ പ്രണയവും മരവിച്ചതോ..? അങ്ങിനെയെങ്കില്‍ ... പ്രണയഭാജനത്തെ സ്വന്തമാക്കലല്ല പ്രണയമെന്ന നിന്റെ ആദര്‍ശത്തിനെ അത് വെല്ലുവിളിക്കുന്നു...

നിന്റെ അക്ഷര ചോറ് പ്രകൃതിയുടെ കലത്തില്‍ വെച്ചിട്ട് കാലമെത്രയായി...? മരങ്ങളുടെ പച്ചപ്പും തണലും പുഴയും കുളവും നീരാട്ടുമൊക്കെ വിട്ടു കൊണ്ക്രീറ്റ് സൗധങ്ങളുടെ നാല് ചുവരുകളും, അതിനുള്ളിലെ ഫാനും ഏസിയും, സ്വിമ്മിംഗ് പൂളുകളിലെ നിറമുള്ള വെള്ളവുമൊക്കെ നിന്റെ അക്ഷരക്കൂട്ടുകളില്‍ ചേരുവയായി കയറി വരുന്നതെന്തുകൊണ്ടാണ്...?

വികസനത്തിന്റെ പാത പിന്തുടര്‍ന്ന് ഹൈവേയിലൂടെയും എക്സ്പ്രെസ്സ് വേയിലൂടെയുമൊക്കെ നിന്റെ വരികള്‍ സഞ്ചരിക്കുമ്പോള്‍ പുഴയോഴുകിയ വഴിയും നാം പിച്ച വെച്ച് നടന്ന ഇടവഴിയും ഒക്കെ നിന്റെ വരികളില്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയാണ് നീ സമ്മാനിക്കുന്നത്...!

നീയറിയുന്നില്ലെങ്കിലും നിന്റെ വരികളില്‍ പ്രതീക്ഷയോടെ കണ്ണുകള്‍ പായിക്കുന്നവര്‍ കാണാമറയത്തുണ്ട്... പ്രാര്‍ഥനകളും പ്രതീക്ഷകളുമായി... നിന്നെ പോലെ എഴുതാന്‍ കഴിയാത്ത അവര്‍ക്ക് പറയാനുള്ളത് കൂടി നിന്റെ വരികളിലൂടെ ലോകമറിയണം എന്നാഗ്രഹിക്കുന്ന ചിലര്‍ ... നിന്റെ തൂലികയില്‍ നിന്നും ഓരോ കുഞ്ഞു പിറക്കുമ്പോഴും ഒരു പേരക്കിടാവിനെ കൂടി കിട്ടിയ പോലെ... സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നവര്‍ ...

ഈയിടെയായി നിന്റെ രചനകളില്‍ ലൈംഗികതയുടെ അതിപ്രസരം കടന്നു വരുന്നുവെന്ന് വാദിക്കുന്ന ചിലരുണ്ട്... എനിക്കവരോട് പുച്ഛമാണ് തോന്നുന്നത്... ഒളിഞ്ഞിരുന്നു ആസ്വദിക്കുകയും പുറമേക്ക് വിമര്‍ശിക്കുകയും ചെയ്യുന്ന കപട സദാചാരത്തിന്റെ കാവലാളാകാന്‍ നിന്റെ വരികള്‍ ഒരുക്കമല്ലെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്... പലരും പറയാന്‍ മടിക്കുന്നത് പറയാന്‍ നീ കാണിക്കുന്ന തന്റേടം... അത് വിമര്‍ശന ശരങ്ങളാല്‍ കൈമോശം വരാതിരിക്കട്ടെ..

No comments:

Post a Comment