Jul 3, 2012

അസ്തമയ സൂര്യന്‍

റോഡിനു കുറുകെ വീണ റയില്‍വേ ഗൈറ്റിനു പിറകില്‍ അക്ഷമയോടിരിക്കവെയാണ് അച്ചു കണ്ണാടിയില്‍ നോക്കിയത്... അലസമായി കിടന്ന തലമുടി ഒതുക്കിയിടുന്നതിനിടയില്‍ കണ്ണാടിയില്‍ തനിക്കും പിറകിലെ ആകാശത്തിന്റെ നീലത്തെരുവില്‍ വെള്ളയുടുപ്പിട്ട പഞ്ഞിക്കുട്ടികള്‍ ഓടികളിക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കവേ മനസ്സ് മന്ത്രിച്ചു... ഇന്ന്... ഈ പകല്‍ കൂടി തന്റെതാണ്... ഇതൊന്നു ഇരുണ്ടു വെളുക്കുന്ന സമയം കൂടി മാത്രമാണ് തനിക്കു മുമ്പില്‍ ഉള്ളത്... സന്തോഷത്തിന്റെ അവസാന യാമങ്ങള്‍ ... നാളെയുടെ പ്രഭാതം തന്റെ ആശ്രിതര്‍ക്ക് ദു:ഖത്തിന്റെതാണ്... അതേ കുറിച്ചുള്ള ചിന്തയുടെ ഓര്‍മ്മപ്പെടുത്തല്‍ ഇന്നിന്റെ ആസ്വാദനത്തിനു മേല്‍ കരിമ്പടം പുതക്കുന്നു... ചിന്തകള്‍ ഇന്നിനെ വിട്ടു നാളെയില്‍ ചേക്കേറുകയാണ്...


ചൂളം വിളിച്ചു കടന്നു പോയ തീവണ്ടിയാണ് ചിന്തക്കൊപ്പം കാഴ്ച്ചയെ ഭൂമിയിലേക്ക്‌ ആനയിച്ചത്... തുറന്നു കിട്ടിയ റയില്‍വേ ഗൈറ്റും കടന്നു തിരക്കല്‍പം ഒഴിഞ്ഞു കിട്ടിയപ്പോള്‍ കണ്ണുകള്‍ വീണ്ടും മുകളിലേക്കുയര്‍ന്നു... ആകാശത്തിന്റെ നീല നിറം മങ്ങി- ത്തുടങ്ങിയിരിക്കുന്നു... പഞ്ഞിക്കെട്ടുകളുടെ വെള്ളയുടുപ്പില്‍ അഴുക്കു പുരണ്ടിരിക്കുന്നു... കുറച്ചു മുമ്പേ കടന്നു പോയ തീവണ്ടിയില്‍ നിന്നും മുകളിലേക്ക് പോയ പുകപടലങ്ങള്‍ ആകാശസുന്ദരിയെ വിരൂപയാക്കിയതാവുമോ..?


എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വന്നു അച്ചുവിന്റെ നഗ്നമായ കൈതണ്ടയെയും മുഖത്തെയും ചുംബിച്ചു കടന്നു പോയി... തന്നെ കുളിരണിയിച്ചു കടന്നുപോയ കാറ്റൊരു മഴയുടെ മുന്നറിയിപ്പുമായി വന്ന സന്ദേശവാഹകന്‍ മാത്രമാണെന്ന് ആകാശത്തിരുണ്ടു കൂടി കൊണ്ടിരുന്ന മേഘക്കീറുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു... മഴ...!!! എത്ര നാളായി ഒരു വേഴാമ്പലിനെ പോലെ താന്‍ കൊതിക്കുന്നു... ഇന്നിതാ... അതെന്നെ തേടി വരാന്‍ പോകുന്നു... അതോ... എല്ലാ ആഗ്രഹങ്ങളെയും പോലെ മഴയും മോഹിപ്പിച്ചു കടന്നു കളയുമോ..?


ചിന്തകളെ അലോസരപ്പെടുത്തി വന്ന ഫോണ്‍കോള്‍ തന്റെ വാഹനത്തിനെ വീട്ടിലേക്കുള്ള വഴി ഓര്‍മ്മിപ്പിച്ചു... വിളിച്ചതവളാണ്... ചിന്നു... നാല് വയസ്സുള്ള തന്റെ മകള്‍ ... മഴക്കാറ് കണ്ടു മുത്തശ്ശി പറഞ്ഞിട്ട് വിളിക്കുകയാണ്‌ .... എവിടെയെത്തിയെന്നറിയാന്‍ ... മുത്തശ്ശിക്ക് നമ്പര്‍ ഞെക്കാന്‍ അറിയില്ലല്ലോ.. പാവം... അഞ്ചു മിനിട്ടിനകം എത്താമെന്ന് പറഞ്ഞപ്പോള്‍ വാര്ധക്യത്തോട് ചെറുത്തു നില്‍പ്പ് നടത്തുന്ന അമ്മയില്‍ നിന്നുമുയര്‍ന്നൊരു നെടുവീര്‍പ്പ് ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു... താന്‍ കൂടെയില്ലാത്ത നാളെകളുമായി അവരെങ്ങനെ പൊരുത്തപ്പെടുമോ ആവോ..?


മഴക്കും മുമ്പേ വീട്ടിലെത്തണം... അമ്മയും ചിന്നുവും കാത്തിരിക്കയാണ്... ചിന്നുവിനായൊരു പുള്ളിക്കുട വാങ്ങിയിട്ടുണ്ട്... അവളതു പ്രതീക്ഷിക്കുന്നുണ്ടാകില്ല... എന്നോ പറഞ്ഞതാണ്... നടത്തിക്കൊടുക്കാന്‍ കഴിയാതെ പോയ ആഗ്രഹങ്ങളുടെ ചവറ്റു കൂനയിലെക്കവളിതും വലിച്ചെറിഞ്ഞു കാണണം... ഇന്നത് കാണുമ്പോള്‍ ഒരുപക്ഷെ... അവള്‍ക്കു സന്തോഷം ആകുമായിരിക്കാം... ആ സന്തോഷം കണ്ടിട്ട് വേണമെനിക്ക് യാത്രയാവാന്‍ ... 


ഉമ്മറപ്പടിയില്‍ തന്നെ അവരുണ്ടായിരുന്നു... പുള്ളിക്കുട കിട്ടിയ സന്തോഷത്തില്‍ ചിന്നു നല്‍കിയ ചുംബനവും പൊത്തിപ്പിടിച്ചു അച്ചു അകത്തേക്ക് കയറുമ്പോള്‍ നിവര്‍ത്തിപ്പിടിച്ച കുടയുമായി മഴ ചാറ്റി തുടങ്ങിയ മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു ചിന്നു. മുറിക്കകത്തെത്തി ജനാലക്കരികിലിരുന്നു മഴ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല അച്ചു... മുറ്റത്ത് മഴയില്‍ കളിച്ചു കൊണ്ട് നിന്ന ചിന്നു മുത്തശ്ശിയുടെ മേല്‍നോട്ടത്തിലൊരു കുളിയും കഴിഞ്ഞു വന്നു മുടി ചീകി തരുവാന്‍ ആവശ്യപ്പെട്ടു കയ്യില്‍ പിടിച്ചപ്പോഴാണ് ചിന്തകള്‍ക്ക് വീണ്ടുമോരിടവേള കൊടുത്തത്... 


യാന്ത്രികമെന്ന വണ്ണം മുടി ചീകി കൊടുത്ത് ചിന്നുവിനെ ഉറക്കിക്കിടത്തി അച്ചു വീണ്ടും ജനാലക്കരികിലേക്ക് ചെന്നു... മഴ കുറച്ചു ശമിച്ചിട്ടുണ്ട്... പുറത്തേക്ക് കയ്യിട്ടു ഇറയത്ത്‌ വീഴുന്ന മഴ തുള്ളികളെ തലോടുവാന്‍ ശ്രമിക്കവേ വീശി വന്ന കാറ്റ് ഒരു മഴച്ചാറ്റല്‍ കൊണ്ടച്ചുവിന്‍ കൈത്തണ്ട നനച്ചു... പെട്ടെന്നുള്ള കുളിരില്‍ എഴുന്നേറ്റു നിന്ന രോമകൂപങ്ങള്‍ അടുത്ത നിമിഷത്തില്‍ തന്നെ നെഞ്ചിനുള്ളില്‍ പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന അഗ്നിപര്‍വ്വതത്തിന്‍ ചൂടേറ്റു കുഴഞ്ഞു വീണു... 


ചിന്തകള്‍ക്ക് വീണ്ടും ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു... ഇന്ന് ഈ രാത്രിയുടെ അവസാനയാമത്തില്‍ കാലേകൂട്ടി നിശ്ചയിച്ച പ്രകാരം താന്‍ യാത്രയാവുന്നു... സന്തോഷത്തോടു കൂടി കിടന്നുറങ്ങിയ തന്റെ മോള്‍ക്ക്‌ നാളെയുടെ പ്രഭാതം കണ്ണീരിന്റെതാണ്... നാളെ... അവളുടെ മുടിയിഴകള്‍ ആര് ചീകി കൊടുക്കും...? മുത്തശ്ശി എങ്ങനെയവളെ സമാധാനിപ്പിക്കും..? ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ തന്റെ ലക്ഷ്യത്തിനു വിലങ്ങു തടിയാവുന്നോ..? ഇല്ല... പാടില്ല... തനിക്കു പോയെ മതിയാവൂ...!! തീരുമാനത്തില്‍ ഉറച്ച്, പതറുന്ന കാല്‍വെപ്പുകളോടെ അച്ചു വാതിലിനടുത്തേക്ക് നീങ്ങി...!!!

6 comments:

 1. നല്ല എഴുത്താണ്,

  അവസാനം എങ്ങോട്ടാണ് പോകുന്നത് എന്നത് ഒരു ചോദ്യം ചിഹ്നമായില്ലേ?

  ReplyDelete
  Replies
  1. ആദ്യമേ അങ്ങയുടെ അഭിപ്രായത്തില്‍ സന്തോഷം അറിയിക്കുന്നു...

   ഒരു ചോദ്യ ചിഹ്നം മനപ്പൂര്‍വ്വം ഇട്ടതാണ്... വായിക്കുന്നവരുടെ അനുമാനങ്ങള്‍ക്കനുസരിച്ച് അതിനുത്തരം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ തന്നെ.. തീരുമാനം ഒരു യാത്രയാണ്... അതൊരുപക്ഷേ... ആത്മഹത്യയാവാം... തിരക്കുകളില്‍ നിന്നുമുള്ള ഒരൊളിചോട്ടമാകാം... പ്രവാസത്തിലെക്കുള്ള മടക്കയാത്രയുടെ അവസാന ദിനമാകാം... സന്യാസമാകാം.... പാലായനമാകാം... അതുമല്ലെങ്കില്‍ ... എന്റെ സങ്കല്പങ്ങളില്‍ ഇല്ലാത്ത വായിക്കുന്നവരുടെ മാത്രം അനുഭവങ്ങളിലും ഓര്‍മ്മകളിലും ഉള്ള എന്തും.... അങ്ങിനെയങ്ങിനെ... അനുവാചക താല്‍പര്യാര്‍ത്ഥം എന്തുമാവാം...

   Delete
 2. നല്ല എഴ്ത്ത്തിനു ആശംസകള്‍..

  ReplyDelete
 3. കൊള്ളാം..

  ReplyDelete