May 17, 2012

കടപ്പാടിന്റെ മൗനം

പ്രകൃതിയുടെ രൗദ്രത കൊടിയേറി ഇരുളുന്ന
കാര്‍മേഘ  നിപുഡമാം ആകാശം പോല്‍
നിന്‍ മിഴികളിലും വദനത്തിലും
മിന്നിമറയുന്നു ഭാവങ്ങള്‍ പലതും...

നിന്റെ സ്വപ്നങ്ങളുറങ്ങുന്ന കണ്‍കളില്‍
വായിച്ചു ഞാന്‍ കൊച്ചു പരിഭവത്തിന്‍ ചീള്‍
വാടിക്കരിഞ്ഞ നിന്‍ വദനത്തില്‍ കണ്ടു ഞാന്‍
നൈരാശ്യത്തിന്‍ മഴക്കാറുകള്‍ ...

പിടയുന്ന നെഞ്ചകമൊളിപ്പിച്ചു വെച്ചൊന്നു
ചാരുവാനൊരു തൂണ്‍ പൊലുമില്ലാത്തെനിക്കു
താങ്ങായ് ബലമുള്ളോരു ശക്തി നീയെന്ന
പ്രചോദനം മാത്രമല്ലേ...?

ദു:ഖങ്ങള്‍ മാത്രം ജീവിതം സമ്മാനിച്ച  മുഹൂര്‍ത്തങ്ങള്‍
പലതിലും ഞാനെന്റെ മനസ്സിന്റെ തുരുമ്പിച്ച
വാതായനങ്ങള്‍ തുറന്നു ചിതലരിച്ച കൂടാരത്തില്‍ തളച്ചിട്ട
ദുഃഖങ്ങള്‍ ഓരോന്നും ചികഞ്ഞു പെറുക്കിക്കൂട്ടി,
നിന്‍ കാല്‍ക്കല്‍ സമര്‍പ്പിക്കുമ്പോള്‍ പകപ്പാര്‍ന്ന
മനസ്സില്‍ ഹിമകണം പോല്‍ നിന്‍ വാക്കുകള്‍ ...

അതിജീവിക്കുക ; എല്ലാ പ്രതിബന്ധങ്ങളെയും
മുന്നേറുക ; എല്ലാ കടമ്പകളും കടന്ന്...
ആയിരം കുതിര ശക്തിയെക്കാള്‍ നിന്‍ 
വാക്കുകളെന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു...
കടപ്പാടുകള്‍ കൊണ്ടെന്നെ ബന്ധിതനാക്കിയ
ഈ സ്നേഹത്തിന്‍ മുമ്പിലര്‍പ്പിക്കാനിനി
നീര്‍ക്കുമിള പോലുള്ള ജീവന്റെ തുടിപ്പ് മാത്രം...

2 comments:

  1. പ്രകൃതിയോട് ഉള്ള കടപ്പാട് വീട്ടാനാവില്ലല്ലോ?

    ReplyDelete